neet-exam

ഡോ.ടി.പി. സേതുമാധവൻ

ഇന്നലെ പ്രസിദ്ധീകരിച്ച 'NEET UG - 24: ഒരു മാസ റിവിഷനിലൂടെ നേടാം മികച്ച സ്‌കോർ" (പാർട്ട്-1) കോളത്തിൽ മേയ് അ‌ഞ്ചിലെ പരീക്ഷയ്ക്ക് എങ്ങനെ പഠിക്കണം, എന്തു പഠിക്കണം എന്നീ കാര്യങ്ങളാണ് വിശദമാക്കിയത്. ഇന്ന് പഠനകാലത്തെ ശാരീരിക-മാനസീകാരോഗ്യ പരിപാലനം എങ്ങനെയെന്ന് മനസിലാക്കാം.

മേയ് അ‌ഞ്ചിനാണ് നീറ്റ് പരീക്ഷ. ചൂട് കാലമായതിനാൽ ആരോഗ്യ കരുതലിന് ഏറെ പ്രാധാന്യമുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കാൻ മറക്കരുത്. തണുത്ത ഭക്ഷ്യവസ്തുക്കൾ, ഐസ് ക്രീം, ശീതികരിച്ച ജ്യൂസുകൾ, കാർബനേറ്റഡ് ലായനികൾ എന്നിവ പരീക്ഷ കഴിയുംവരെ ഉപേക്ഷിക്കാം. പഴവർഗ്ഗങ്ങൾ, ഫ്രഷ് ജ്യൂസ്, സാലഡുകൾ എന്നിവ നന്നായി കഴിക്കാം. കൂടുതൽ മാംസാഹാരങ്ങൾ കഴിക്കരുത്. എന്നാൽ മൽസ്യം കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം.

ഇപ്പോൾ ഓക്കാനം, ഛർദി, ദഹനക്കേട്, വയറിളക്കം. പനി, ജലദോഷം, തലവേദന, തൊണ്ടവേദന, ചുമ എന്നിവ പൊതുവായി കണ്ടുവരുന്ന രോഗലക്ഷണങ്ങളാണ്. ഇത് നിയന്ത്രിക്കാൻ ഭക്ഷണം, ഭക്ഷണക്രമം, പരിചരണം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിട്ട ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടുതൽ എരിവ്, പുളി എന്നിവയുള്ള ഭക്ഷണം ഒഴിവാക്കണം. മോര്, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഉറക്കം ഉപേക്ഷിച്ചു പഠിക്കുന്ന വിദ്യാർത്ഥികളിൽ യഥാസമയം ഭക്ഷണം കഴിക്കാത്തതുമൂലം അസിഡിറ്റിയുടെ രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. കൂടുതൽ മധുരമുള്ളതും, എണ്ണമയമുള്ളതുമായ ഭക്ഷണം പരീക്ഷാ സീസണിൽ ഒഴിവാക്കണം. ബി കോംപ്ലക്‌സ് വിറ്റാമിനുകൾ ആവശ്യത്തിനനുസരിച്ചു കഴിക്കാം.

ഉറക്കം മനസിനെ ശാന്തമാക്കും

ദിവസേന കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഓരോ പരീക്ഷാർത്ഥിയും ഉറങ്ങാൻ ശ്രമിക്കണം. പുലർച്ചെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതും 10 മിനിട്ടു യോഗയോ വ്യായാമമോ ചെയ്യുന്നതും ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കും.

മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം എന്നിവ കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷവും 10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം.

പഠിക്കുന്ന സമയം പരീക്ഷയുടെ വരുംവരായ്കകളെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാനും മറക്കരുത്.

രക്ഷിതാക്കളോട് (സബ് ഹെഡ്)

പരീക്ഷയുടെ മുന്നൊരുക്കങ്ങളിൽ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്. കുട്ടികളെ സ്വതന്ത്രരായി പരീക്ഷയ്ക്ക് അയക്കേണ്ട ഉത്തരവാദിത്വമുള്ളവരാണ് മാതാപിതാക്കൾ. കുട്ടികൾക്കിടയിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കാൻ രക്ഷിതാക്കൾ ശ്രമിക്കരുത്. അതുപോലെ, പരീക്ഷാക്കാലയളവിൽ വീട്ടിലേക്കുള്ള അതിഥികളെ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്. കുട്ടികളെ ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷാ ഹാളിലേക്ക് അയക്കുന്നവരാകട്ടെ ഓരോ രക്ഷിതാവും.