t-g-nandakumar

കൊച്ചി: തൃക്കാക്കര ഉപതി​രഞ്ഞെടുപ്പുസമയത്ത് പത്മജ വേണുഗോപാലിനെ എൽ.ഡി.എഫിൽ എത്തിക്കാൻ ശ്രമങ്ങൾ നടന്നതായി പ്രമുഖ വ്യവസായി ടി.ജി.നന്ദകുമാർ പറഞ്ഞു. ദുബായിലായിരുന്ന പത്മജയുമായി ഇക്കാര്യം സംസാരിച്ചു. 'സൂപ്പർ പരിഗണന" വേണമെന്ന അവരുടെ നിലപാടാണ് അതുനടക്കാതെ പോകാൻ കാരണമെന്നും ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ നന്ദകുമാർ പറഞ്ഞു.

ഇ.പി.ജയരാജന്റെ ഇടപെടലിനെത്തുടർന്നാണ് സംസാരിച്ചത്. തുടർന്ന് ഇടതുനേതാക്കൾ പത്മജയുമായി ചർച്ചകൾ നടത്തി. പത്മജ താത്പര്യം പ്രകടിപ്പിച്ചെങ്കിലും മുന്തിയ പരിഗണന വേണമെന്ന ഡിമാൻഡിലാണ് നടക്കാതെ പോയതെന്ന് മനസിലാക്കുന്നു. അന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം ചർച്ചാവിഷയമായിരുന്നു. ചർച്ചകളെത്തുടർന്ന് പത്മജ ദുബായിൽ നിന്നെത്തിയെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയില്ലെന്നും നന്ദകുമാർ പറഞ്ഞു.