
കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധിച്ച സംഭവത്തിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമർശനം. മോർച്ചറിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ?. ഹർജിക്കാരൻ പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തില്ലെന്ന് പറയാനാകുമോയെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ ചോദിച്ചു.
സമരം നടത്തിയതിന്റെ പേരിൽ പൊലീസ് നിരന്തരം വേട്ടയാടുന്നതായി ആരോപിച്ചാണ് ഷിയാസ് കോടതിയെ സമീപിച്ചത്.
മോർച്ചറിയിൽ നിന്ന് മൃതദേഹമെടുത്ത് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുക്കരുതെന്നാണോ ഹർജിക്കാരൻ ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. പൊതുപ്രവർത്തകനെന്ന നിലയിൽ ജനങ്ങളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ് ചെയ്തതെന്ന് ഷിയാസ് ചൂണ്ടിക്കാട്ടി. പൊലീസ് വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും നാല് കേസെടുത്തെന്നും അറിയിച്ചു.ഒരു സംഭവത്തിൽ തന്നെ ഒരാൾക്കെതിരെ എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സർക്കാരിനോട് ആരാഞ്ഞ കോടതി, കേസുകളുടെ വിവരം അറിയിക്കാനും നിർദ്ദേശിച്ചു. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.