ഗോശ്രീ ബസുകളുടെ നഗരപ്രവേശം ഇനിയും നീളും
ഇന്ന് ആർ. ടി. എ യോഗം
വൈപ്പിൻ: വൈപ്പിനിൽ നിന്ന് ഗോശ്രീ പാലങ്ങൾ വഴി വരുന്ന സ്വകാര്യ ബസുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നത് ഇനിയും നീളും. ഭരണതലത്തിൽ നഗരപ്രവേശം അംഗീകരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ കടമ്പകൾ കടക്കേണ്ടതുണ്ട്.
നഗരത്തിലേക്ക് വരുമ്പോൾ ബസുകളുടെ പരമാവധി ഓവർലാപ്പിംഗ് 25 കി. മീറ്ററാണ്. പറവൂർ, മുനമ്പം ഭാഗങ്ങളിൽ നിന്ന് ഹൈക്കോടതി ഭാഗംവരെ 28 കി. മീറ്ററുണ്ട്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് ഇതാണ് നിയമപരമായ പ്രധാന തടസം. അതിനാൽ സർവീസ് പറവൂർ, മുനമ്പം ഭാഗങ്ങളിൽ നിന്ന് ആരംഭിക്കാതെ എടവനക്കാട് നിന്ന് ആരംഭിക്കേണ്ടി വരും. എടവനക്കാടിന് വടക്ക് ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നഗരപ്രവേശത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് ചുരുക്കം. ഒരേ റൂട്ടിലോടുന്ന ബസുകളെ രണ്ട് തട്ടുകളിലായി സർവീസ് വിഭജിക്കപ്പെടും. യാത്രക്കാരിൽ എടവനക്കാടിന് വടക്കുള്ളവരോടുള്ള അവഗണനയാകും ഈ തീരുമാനം.
നൂറ്റിഇരുപതോളം സ്വകാര്യ ബസുകളുള്ള വൈപ്പിൻ മേഖലയിൽ നിന്ന് ഇതിനകം 62 അപേക്ഷകൾ സർവ്വീസ് നീട്ടുന്നതിനായി ആർ.ടി.എ മുമ്പാകെ നൽകിയിട്ടുണ്ട്. ഈ അപേക്ഷകളെല്ലാം അനുവദിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. ഏറെക്കാലത്തെ സമ്മർദ്ദങ്ങൾക്ക് ശേഷം ഇന്ന് കളക്ട്രേറ്റിൽ കൂടുന്ന ആർ.ടി.എ. ബോർഡ് യോഗം ഒമ്പത് പെർമിറ്റുകളിൽ തീരുമാനമെടുക്കും. വൈറ്റില ഹബ് വരെ 8 പെർമിറ്റുകളും കാക്കനാട്ടിലേക്ക് ഒരു പെർമിറ്റുമാണ് അനുവദിക്കുക. ഈ പെർമിറ്റുകൾ എടവനക്കാട് നിന്നോ ഞാറക്കൽ നിന്നോ ആകാനാണ് സാദ്ധ്യത. പെർമിറ്റുകൾ അനുവദിക്കപ്പെട്ടാലും മറ്റ് നടപടിക്രമങ്ങൾ പാലിക്കാൻ ഇനിയും സമയമെടുക്കും.
നഗരപ്രവേശനത്തിനായി ഇറക്കിയ വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാണ് ബസുടമകളുടെയും നഗരപ്രവേശനത്തിനായി സമരം ചെയ്യുന്ന റസിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റേയും നിലപാട്.
..............................................
എല്ലാ ബസുകൾക്കും സർവീസ് നീട്ടാതെ ചുരുക്കം ബസുകൾക്ക് മാത്രം സർവീസ് നീട്ടിയാൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിന് കാരണമാകും. വൈപ്പിൻ മേഖലയിലെ ഗതാഗത സംവിധാനത്തിന് ഇത് വിനയാകും.
പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ
............................................
ട്രാഫിക് ജാം വൈപ്പിനിലേയ്ക്കും?
നഗരപ്രവേശനത്തിനായി ചില സംഘടനകൾ സമര രംഗത്തുണ്ടെങ്കിലും നിലവിലെ സംവിധാനം തന്നെയാണ് സമാധാനപരമായ യാത്രക്ക് നല്ലത് എന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല. നഗരത്തിൽ അനുദിനം അനുഭവിക്കുന്ന ട്രാഫിക് ജാം വൈപ്പിൻ മേഖലയിലെ യാത്രക്കാരും അനുഭവിക്കേണ്ടിവരുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.