#പി.ഡബ്ളിയു.ഡി, ഫയർ ആന്റ് സേഫ്ടി എൻ.ഒ.സി ലഭിച്ചു
#റൈഡുകൾ പ്രവർത്തിപ്പിക്കാൻ നഗരസഭ പി.പി.ആർ നൽകി
ആലുവ: മണപ്പുറത്തെ ശിവരാത്രി വ്യാപാരമേളയുടെ ഭാഗമായുള്ള വിനോദപരിപാടികൾ നഗരസഭ പി.പി.ആർ (പ്ളൈസസ് പബ്ളിക് റിസോർട്ട്) നൽകിയതിനെ തുടർന്ന് ഒൗദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പി.ഡബ്ളിയു.ഡി മെക്കാനിക്കൽ വിഭാഗത്തിന്റെയും ഫയർ ആൻഡ് സേഫ്ടിയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരാറുകാരൻ ഹാജരാക്കിയതിനെ തുടർന്നാണ് പി.പി.ആർ നൽകിയതെന്ന് സെക്രട്ടറി പി.ജെ. ജെസിന്ത 'കേരളകൗമുദി'യോട് പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതാണ് നഗരസഭയും പി.പി.ആർ വേഗത്തിലാക്കാൻ കാരണം. കൂടുതൽ തുകയ്ക്ക് കരാർ എടുത്തിട്ടും ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിച്ച ഷാ ഗ്രൂപ്പിന് മുമ്പിൽ നഗരസഭ അക്ഷരാർത്ഥത്തിൽ 'ക്ഷ' വരക്കുകയായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേളയിൽ ശിവരാത്രി കഴിഞ്ഞ് അഞ്ചാം നാളിലാണ് റൈഡുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കകം കരാറുകാരന് പ്രവർത്തനാനുമതി നൽകിയില്ലെങ്കിൽ നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുമെന്നും തിങ്കളാഴ്ച്ച സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ അങ്കലാപ്പിലായ നഗരസഭ, പി.പി.ആർ നൽകും മുമ്പേ തിങ്കളാഴ്ച്ച രാത്രി റൈഡുകൾ പ്രവർത്തിച്ചിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയില്ല. റൈഡുകൾ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് ശിവരാത്രി ദിവസവും ശനിയാഴ്ച്ചയും കരാറുകാരന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
കേസിന്റെ നാൾവഴി
ശിവരാത്രി വ്യാപാരമേളയുടെ നടത്തിപ്പ് കഴിഞ്ഞവർഷമാണ് ആദ്യമായി സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകിയത്. ഫൺ വേൾഡ് 63 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തത്. ഇക്കുറി ടെൻഡർ വിളിച്ചപ്പോൾ 43 ലക്ഷം ഓഫർ ചെയ്ത് ഒരാളാണുണ്ടായത്. ഒരു ദിവസം കൂടി നീട്ടിയപ്പോൾ ഫൺ വേൾഡ് 47 ലക്ഷത്തിന്റെയും ഷാ എന്റെർടെയ്മെന്റ് 1.16 കോടി രൂപയുടെയും ടെൻഡർ കൂടി നൽകി. കൂടുതൽ തുക വാഗ്ദാനം ചെയ്ത ഷാക്ക് ടെൻഡർ ഉറപ്പിച്ചു. നിശ്ചിത സമയത്ത് ഷാ ഗ്രൂപ്പ് പണം അടച്ചില്ല. തുടർന്ന് നഗരസഭ ഫൺവേൾഡുമായി ചർച്ചയിലൂടെ തുക 77 ലക്ഷമായി ഉയർത്തി കരാർ നൽകി.
ഹൈക്കോടതി ഷാ ഗ്രൂപ്പിന് കരാർ നൽകാൻ ഉത്തരവിട്ടെങ്കിലും അടുത്ത ദിവസം നഗരസഭയും കരാറുകാരനും ഡിവിഷൻ ബഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിനെതിരെ സൂപ്രീംകോടിതിയിൽ നിന്നും ഷാ ഗ്രൂപ്പ് അനുകൂല ഉത്തരവ് നേടി. ഫൺവേൾഡിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി.
വ്യാപാരമേള നീട്ടണം
കൂടുതൽ തിരക്കേറിയ നാല് ദിവസം റൈഡുകൾ പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ വ്യാപാരമേള 15 വരെ നീട്ടണമെന്ന് കരാറുകാരൻ ആവശ്യപ്പെട്ടു. നേരത്തെ ഇതുലക്ഷ്യമാക്കിയാണ് കരാറുകാരൻ പ്രവർത്തിച്ചതെന്ന് സൂചനയുണ്ട്. മണപ്പുറത്തെ പ്രവേശനകവാടത്തിൽ ശിവരാത്രിക്ക് മുമ്പേ സ്ഥാപിച്ച ബോർഡിൽ മേള ഏപ്രിൽ 15 വരെയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.