blasters

കേരള ബ്ളാസ്റ്റേഴ്സ് Vs മോഹൻ ബഗാൻ

7.30 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും

കൊച്ചി: ജയിച്ചാൽ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. പക്ഷേ തകർക്കാനുള്ളത് മോഹൻ ബഗാനെന്ന കരുത്തന്മാരുടെ കോട്ട. പരിക്കും തോൽവി ഭാരവും വിടാതെ പിന്തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നിർണായക ഐ.എസ്.എൽ മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും. സ്വന്തം തട്ടകത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. ഇന്നത്തേത് അടക്കം 5 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത്.

പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർക്കെതിരെ ഇറങ്ങുമ്പോൾ ജയത്തോടെ പ്ലേഓഫ് ഉറപ്പാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. മോഹൻ ബഗാന് പുറമേ, മുംബയ് ഒഡീഷ, ഗോവ എന്നിവർ ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ബ്ലാസ്‌റ്റേഴ്‌സടക്കം അഞ്ച് ടീമുകളാണ് രംഗത്ത്. 17 കളിയിൽ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

ബംഗളൂരു എഫ്.സിക്കെതിരായ അഭിമാനപോരാട്ടത്തിൽ തോറ്റതിന്റെ ക്ഷീണവും ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തിൽ തീർക്കണം. സീസണിൽ ഒരു മത്സരം മാത്രമാണ് ടീം കൊച്ചിയിൽ തോറ്റത്.ആകെ 6 തോൽവി. ഇതിൽ നാലും ഡിസംബറിലെ ഇടവേളക്ക് ശേഷമുള്ള മത്സരങ്ങളാണ്.

കാര്യമായ മാറ്റങ്ങളില്ലാതെയായിരിക്കും ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ ഇറക്കുക. കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തകർത്താണ് ബഗാന്റെ വരവ്. ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന സൂചന മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് നൽകിയിട്ടുണ്ട്.