
കൊച്ചി: മുളന്തുരുത്തി ജറിയാട്രിക്ക് കെയർ ഹോമിലെ അന്തേവാസികൾക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഇടപെട്ട് ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കി. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ രജ്ഞിത്ത് കൃഷ്ണൻ 55 അന്തേവാസികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
മുമ്പ് കെയർ ഹോമിലേക്ക് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ടെലിവിഷൻ കൈമാറുന്നതിന് സബ് ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ എത്തിയപ്പോൾ ഇവിടുത്തെ അന്താവിസികൾക്ക് തിരിച്ചറിയൽ കാർഡ്, ആധാർ തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലെന്നകാര്യം സ്ഥാപനത്തിന്റെ ഡയറക്ടർ ഫാ. അനിൽ അറിയിച്ചിരുന്നു. ഇതേ തുടർന്ന് അർഹരായ എല്ലാവർക്കും ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാൻ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്ക് സബ് ജഡ്ജ് നിർദ്ദേശം നൽകി. ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ലഭിച്ചവരിൽ ആധാർ കാർഡ് ഇല്ലാത്തവർക്ക് അത് ഉടൻ ലഭ്യമാക്കുന്നതിനും പെൻഷൻ ഉൾപ്പെടെയുള്ള അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് സബ് ജഡ്ജ് അറിയിച്ചു.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രാജേഷ് ദിവാകരൻ, വാർഡ് മെമ്പർ മഞ്ജു കൃഷ്ണൻകുട്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ വി.ജെ. ബിനോയി, കണയന്നൂർ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുരളീധരൻ എന്നിവർ സംസാരിച്ചു.