
നിർമ്മിതബുദ്ധി അധിഷ്ഠിതമായ രാജ്യത്തെ ആദ്യ എൻട്രൻസ് പരിശീലന കേന്ദ്രം മലപ്പുറത്ത്
മലപ്പുറം: നിർമ്മിത ബുദ്ധിയുടെ(എ.ഐ) സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീശീലനം നൽകുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്രം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂപോർട്ട് മലപ്പുറത്ത് ആരംഭിച്ചു. എ.ഐ അഡാപ്‌റ്റീവ് ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഡ്യൂപോർട്ടിന്റെ മലപ്പുറം ക്യാമ്പസ് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.
ശീതീകരിച്ച ക്ലാസ് റൂമുകളും 2000 കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി സൗകര്യവും മികച്ച ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ലോകോത്തര നിലവാരത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഓരോ കുട്ടികളുടെയും പഠന രീതികൾ തിരിച്ചറിഞ്ഞ് സഹായിക്കുവാൻ വിദഗ്ദ്ധരായ മെന്റർമാരും പ്രമുഖ മെഡിക്കൽ, എൻജിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കാളികളാകും.
എഡ്യുപ്പോർട്ടിന്റെ സി.ബി.എസ്.ഇ പ്രൊഡക്ടിന്റെ വിപണനോദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച കോഴ്‌സുകളും ക്യാമ്പസും
തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന സി.യു.ഇ.ടി വെബ്‌സൈറ്റ് മലപ്പുറം എം.എൽ.എ നജീബ് കാന്തപുരം പുറത്തിറക്കി.
സമ്മർദ്ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഒരുക്കുമെന്ന് എഡ്യൂപ്പോർട്ടിന്റെ സ്ഥാപകൻ അജാസ് മുഹമ്മദ് ജാൻഷർ പറഞ്ഞു.
,വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളർത്തി വലിയ വിജയംനേടാനാണ് ശ്രമിക്കുന്നതെന്ന് സി.ഇ.ഒ അക്ഷയ് മുരളീധരൻ പറഞ്ഞു. ചടങ്ങിൽ ജനാബ് പാണക്കാട് സയ്ദ് ബഷീറലി ഷിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി.