
കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ നാല് ടെർമിനലുകൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീവ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ. ഇതോടെ രണ്ട് പുതിയ റൂട്ടുകളിലേക്കാകും കൊച്ചി വാട്ടർ മെട്രോ സർവീസുണ്ടാകും. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ബോൽഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. 9 ടെർമിനലുകളിലായി അഞ്ചു റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ എത്തും.
സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.
സംസ്ഥാനത്തിന്റെ അഭിമാനം: മന്ത്രി പി. രാജീവ്
പരിസ്ഥിതി സൗഹാർദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടാമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാനായി. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് വൈകാതെ സർവീസ് തുടങ്ങും.
നിലവിൽ 13 ബോട്ട്
നിലവിൽ ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.