not
കബളിപ്പിക്കപ്പെട്ട നോട്ടുമായി നിൽക്കുന്ന രാധാകൃഷ്ണൻ

ആലങ്ങാട്: നിരോധിച്ച ആയിരം രൂപയുടെയും പഴയ അഞ്ഞൂറിന്റെയും നോട്ടുകൾ നൽകിയുള്ള തട്ടിപ്പ് കരുമാല്ലൂർ, മാഞ്ഞാലി മേഖലയിൽ വ്യാപകമാകുന്നതായി പരാതി. ചെറുകിട കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയാണ് തട്ടിപ്പ്.

കഴിഞ്ഞദിവസം തട്ടിപ്പിനിരയായി കച്ചവടക്കാരന്റെയും പ്രായമായ സ്ത്രീയുടെയും പണം നഷ്ടപ്പെട്ടു. ആലുവ - പറവൂർ റോഡ് മനയ്ക്കപ്പടിയിൽ പൊട്ടുവെള്ളരി കച്ചവടം നടത്തുന്ന ലാലുവിന്റെ കടയിലാണ് തട്ടിപ്പ് നടന്നത്.

തിരക്കുള്ള സമയത്ത് ബൈക്കിലെത്തിയ ഒരാൾ പൊട്ടുവെള്ളരി ജ്യൂസ് കഴിച്ചശേഷം 500രൂപയുടെ നിരോധിച്ച പഴയനോട്ട് നൽകുകയായിരുന്നു. കടയിലെ ജീവനക്കാരൻ രാധാകൃഷ്ണൻ ജ്യൂസിന്റെ വിലയായ 25രൂപ എടുത്തശേഷം 475രൂപ തിരികെ നൽകി. ആ സമയം കടയിൽ ഇല്ലാതിരുന്ന ലാലു തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസിലായത്.

മാഞ്ഞാലിയിൽ പലഹാരം വിൽക്കുന്ന വീട്ടിലെ പ്രായമായ സ്ത്രീയാണ് തട്ടിപ്പിനിരയായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തെത്തിയ യുവാവ് 2000ന്റെ നോട്ട് നൽകി സ്ത്രീയോട് ചില്ലറ ആവശ്യപ്പെടുകയായിരുന്നു.

ചില്ലറ വാങ്ങിയശേഷം യുവാവ് കടന്നുകളഞ്ഞു. വീട്ടുകാ‍ർ തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. രണ്ടു സംഭവങ്ങളിലും തട്ടിപ്പുകാരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.