1

പള്ളുരുത്തി: കോണം സി.കെ.ശ്രീധരൻ റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതോടെ ജനങ്ങൾ ദുരിതത്തിൽ. കോർപ്പറേഷൻ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡിൽ പൊടിശല്യം രൂക്ഷമാണ്. നിർമ്മാണം തുടങ്ങിയിട്ട് ആഴ്ചകളായി.

തകർന്ന് കിടക്കുന്ന റോഡിൽ ബൈക്ക് യാത്രക്കാരും സൈക്കിൾ യാത്രക്കാരും തെന്നി വീണ് അപകടം സംഭവിക്കുന്നത് പതിവായി. റോഡിലെ പൊടിശല്യം മൂലം പരിസരവാസികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി.

ഈ റോഡിന്റെ പകുതി ഭാഗം കട്ട വിരിച്ചതാണ്. ഏതാണ്ട് 300 മീറ്റർ റോഡിന്റെ ജോലികൾ മാത്രമാണ് തീർക്കാനുള്ളത്. ഫണ്ട് തീർന്നതിനെ തുടർന്ന് ജോലികൾ നിറുത്തിവെച്ചിരിക്കുകയാണ്. റോഡിലെ പൊടിശല്യം ഒഴിവാക്കാനായി നാട്ടുകാർ ദിനംപ്രതി മോട്ടോർ ഉപയോഗിച്ച് നനക്കുന്നതിനാൽ കറണ്ട് ബില്ലും വാട്ടർ ബില്ലും കൂടുന്നതായി വീട്ടമ്മമാർ പറയുന്നു. എന്നാൽ ജോലികൾ നടക്കുന്നുണ്ടെന്നും യാതൊരു കാരണവശാലും നിറുത്തിവച്ചിട്ടില്ലെന്നും യഥാസമയം ജോലികൾ തീർക്കുമെന്നും ഡിവിഷൻ കൗൺസിലർ അശ്വതി വൽസൻ അറിയിച്ചു.