ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് കാക്കനാട്, എരൂർ, ഇരുമ്പനം ഭാഗങ്ങളിൽ ഇന്ധനലോറികളുടെ അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ നിത്യസംഭവമായെന്ന പരാതിയിൽ കളക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ടെക്കിയും പ്രൊഫഷണൽ കോൺഗ്രസ് നേതാവുമായ എൽദോ ചിറക്കലിന്റെ ഹർജിയിലാണ് നടപടി.
മേഖലയിലെ ഇന്ധന കമ്പനികളോടും വിശദീകരണം തേടിയിട്ടുണ്ട്. ടാങ്കറുകളുടെ അനധികൃത പാർക്കിംഗ് ഒട്ടേറെ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നു ജീവനുകൾ നഷ്ടമായെന്നും പരാതിയിൽ പറയുന്നു.
ആലുവ പാലസിൽനടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ 38 കേസുകളാണ് പരിഗണിച്ചത്. 10 കേസുകൾ തീർപ്പാക്കുകയും പരിഗണിക്കാത്ത കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു.