election

വൈപ്പിൻ: എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് വൈപ്പിൻ നിയമസഭാമണ്ഡലം. ദ്വീപസമൂഹം വേണ്ടത്ര അടിസ്ഥാനവികസനമില്ലാതെ വീർപ്പുമുട്ടുകയാണ്. നീണ്ട കടൽത്തീരവും കായൽസൗന്ദര്യവും ആവോളമുള്ള നാട്. രാജ്യാന്തരടൂറിസം ഡെസ്റ്റിനേഷനായ ചെറായി ബീച്ചടക്കം ഉൾപ്പെടുന്ന മണ്ഡലം. പക്ഷേ ടൂറിസം വികസനത്തിലും ഗോശ്രീമേഖല ബഹുദൂരം പിന്നിലാണ്.

കായലോര റോഡ് എന്നു നടക്കും?

കൊച്ചി - കോട്ടപ്പുറം കായലിനരികിലൂടെയുള്ള കായലോരറോഡ് ഇന്നും സ്വപ്നമായിത്തുടരുന്നു. തിരക്കേറിയ വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയ്ക്ക് സമാന്തരമായി കിഴക്ക് ചെറായിപ്പാലം മുതൽ വൈപ്പിൻ ഗോശ്രീപാലം വരെയാണ് വിഭാവനം ചെയ്തിരുന്നത്
എസ്. ശർമ്മ എം.എൽ.എ ആയിരുന്നപ്പോൾ അത്തരമൊരു റോഡ് പദ്ധതിക്ക് നീക്കം നടത്തിയിരുന്നു. പിന്നീട് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും തുടർ നീക്കങ്ങൾ നടത്തി. സാദ്ധ്യതാപഠന റിപ്പോർട്ടിനായി നിവേദനവും നൽകി. ഇതുവരെ നടപടിയൊന്നുമായില്ലെന്നുമാത്രം.
20കി.മീവരുന്ന റോഡ് കടന്നുപോകുക പൊക്കാളി പാടങ്ങൾ, നിരവധി തോടുകൾ, ചതുപ്പ് സ്ഥലങ്ങൾ എന്നിവയ്ക്കു കുറുകെയാണ്.
നിർമ്മാണത്തിന് തീരദേശപരിപാലന നിയമത്തിന്റെ കടമ്പകൾ കടക്കേണ്ടി വരും. റോഡ് കടന്നുപോകുന്ന പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ വീട് നിർമ്മാണവും പുനർനിർമ്മാണവും സി.ആർ.ഇസഡ് നിയമക്കുരുക്കിലാണ്.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വലിയ ശ്രമങ്ങൾ നടത്തിയാലേ പദ്ധതി യാഥാർത്ഥ്യമാക്കാനാവൂ. എം. പിയും എം.എൽ.എയും കൂട്ടായി ശ്രമിക്കണം.


ചെറായി ദേവസ്വംനട ജംഗ്ഷന് വേണം 'ബൈപ്പാസ് സർജറി'

ചെറായി ബീച്ചിലേക്കുള്ള പ്രധാന പ്രവേശനമാർഗമായ ദേവസ്വംനട ജംഗ്ഷൻ സ്ഥലപരിമിതിയാൽ വലയുകയാണ്. രാവിലെയും വൈകിട്ടും ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അവധി ദിനങ്ങളിൽ പറയാനുമില്ല. മുനമ്പം അഴീക്കോട് പാലംകൂടി യാഥാർത്ഥ്യമാകുന്നതോടെ ദേവസ്വംനട ജംഗ്ഷന്റെ വികസനം അനിവാര്യമായിത്തീരും. ഇതിന് രണ്ട് ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയോ വിപുലീകരിക്കുകയോ മാത്രമാണ് പോംവഴി.

ദ്വീപ് ടൂറിസത്തിന്റെ കാഴ്ചപ്പാട് മാറണം

കടലോരത്തിന്റെ മനോഹാരിതയും കായലും തോടുകളും കണ്ടൽക്കാടുകളും അത്യപൂർവമായ പൊക്കാളി നെൽവയലുകളും മത്സ്യബന്ധനത്തിന്റെ വ്യത്യസ്ത സാദ്ധ്യതകളുമൊക്കെ നിറഞ്ഞ ഇടമാണ് വൈപ്പിൻ. ഏറെ അകലത്തല്ലാതെ അന്താരാഷ്ട്ര വിമാനത്താവളവും തുറമുഖവും. നീട്ടിവിളിച്ചാൽ കേൾക്കാവുന്നിടത്ത് കൊച്ചിയെന്ന മഹാനഗരവും. വൈപ്പിൻദ്വീപിന്റെ ടൂറിസം വികസനത്തിന് ഇതിനപ്പുറം എന്തുവേണം.

യഥാർത്ഥത്തിൽ ടൂറിസം വികസനവിഷയത്തിൽ കൃത്യമായൊരു കാഴ്ചപ്പാട് വൈപ്പിനെ സംബന്ധിച്ച് ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. പരമ്പരാഗത സങ്കൽപം പൊളിച്ചെഴുതുന്നതാകണം ടൂറിസത്തിന്റെ പുതിയ കാഴ്ചപ്പാട്.
വൈപ്പിൻ ജീവിതമാകണം ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണം. കലാരൂപങ്ങൾ, ഉത്സവങ്ങൾ, മത്സ്യബന്ധനകൃഷിരീതികൾ, പരമ്പരാഗത കൈത്തൊഴിലുകൾ, ചരിത്രം രേഖപ്പെടുത്തിയ നിർമ്മിതികൾ ... വ്യത്യസ്തമായ അനുഭവങ്ങളാകണം ഇവിടെയെത്തുന്നവർക്ക് വൈപ്പിൻ നൽകേണ്ടത്.
മയക്കുമരുന്ന് വ്യാപനം അടക്കമുള്ള അനാവശ്യ പ്രവണതകൾക്ക് ജനകീയ പങ്കാളിത്തത്തോടെ കൂച്ചുവിലങ്ങിടാം.

വാർഡുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ രൂപീകരിക്കുക.
മൺമറയുന്ന കലാരൂപങ്ങൾ വീണ്ടെടുക്കുക
നാട്ടുകൂട്ടായ്മകൾവഴി ടൂറിസം ബോധവത്കരണം
* പ്രകൃതിയോടിണങ്ങിയ അടിസ്ഥാനസൗകര്യ വികസനം
ടൂറിസംമേളകൾ

നാടിനെ അറിഞ്ഞുവേണം ടൂറിസം വികസനം. ടൂറിസ്റ്റിനെ അനുഭവങ്ങൾ തേടുന്ന യാത്രികനാക്കി മാറ്റണം.
വിനോജ് എം.വി
പ്രസിഡന്റ്
ചെറായി ടൂറിസം.