
പള്ളുരുത്തി: മത്സ്യത്തൊഴിലാളികൾക്കും വള്ളങ്ങൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ചെല്ലാനം ഹാർബറിൽ നടക്കുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസം പിന്നിട്ടിട്ടു. ഇന്നലെ രാവിലെ പ്രകടനമായി എത്തിയ തൊഴിലാളികൾ ഹാർബർ എൻജിനിയറിന്റെ ഓഫീസ് ഉപരോധിച്ചു. ഹാർബർ ജീവനക്കാരെ ഓഫീസിൽ കയറ്റിയില്ല. ഉപരോധത്തിന്റെ ഭാഗമായി ഗതാഗത തടസം നേരിട്ടു. സമരം കെ. എൽ. സി. എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി ഹാർബറിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണ്. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷിജി തയ്യിൽ, സെക്രട്ടറി വി. എസ്. പൊടിയൻ, കെ. എൽ. സി. എ സംസ്ഥാന സെക്രട്ടറി ബിജു ജോസി,ഫാ. ജോൺ കളത്തിൽ, പി. വി. വിൽസൺ, എ. ആർ. പാപ്പച്ചൻ, ജോസഫ് അറക്കൽ എന്നിവർ പ്രസംഗിച്ചു. സമരത്തെ തുടർന്ന് ഹാർബർ അസി. എൻജിനിയർ ദീപയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ച ഫലമില്ലാതെ പിരിഞ്ഞു. എന്നാൽ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.