കോലഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. ഇന്നലെ രാവിലെ ഐരാപുരം റബർപാർക്കിന് സമീപം പ്രദേശവാസികളെയും തൊഴിലാളികളെയും കണ്ടാണ് പര്യടനം തുടങ്ങിയത്. പിന്നീട് കലാലയങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ, സി.ബി. ദേവദർശനൻ, സി.കെ. വർഗീസ്, ജോർജ് ഇടപ്പരത്തി, എം.പി. ജോസഫ്, റെജി ഇല്ലിക്കപറമ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
അമ്പലമുകളിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെയും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലെയും തൊഴിലാളികൾ നൽകിയ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് യു.ഡി.എഫ് സ്‌ഥാനാർത്ഥി ബെന്നി ബഹനാൻ ഇന്നലെ പ്രചാരണം തുടങ്ങിയത്. പരമാവധി പ്രവർത്തകരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചും മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടിയുമാണ് ബെന്നി ബെഹനാന്റെ പ്രചാരണം മുന്നേറുന്നത്.
ട്വന്റി20 യുടെ സ്ഥാനാർത്ഥി ചാർളി പോളിന്റെ രണ്ടാംഘട്ട പ്രചാരണം ഇന്ന് തുടങ്ങും. ഒന്നാം ഘട്ട പ്രചാരണം കഴിഞ്ഞ 9 നാണ് സമാപിച്ചത്. 15ന് രണ്ടാം ഘട്ട പ്രചാരണം സമാപിക്കും. അഴിമതി രഹിത ഭരണവും, നിക്ഷേപ സംരംഭകത്വ സൗഹൃദ സാഹചര്യങ്ങളും, കേരളം സ്വപ്നം കാണുന്ന വികസനവും തുടങ്ങി ഉറപ്പുള്ള ഇരുപതിന വാഗ്ദാനങ്ങളാണ് ട്വന്റി20 പാർട്ടി കേരളത്തിന് നൽകുന്നത്.