
കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയിട്ടില്ലെങ്കിലും എറണാകുളം മണ്ഡലത്തിൽ പ്രചാരണച്ചൂട് കനക്കുകയാണ്. നാലാഴ്ച മുമ്പേ ആരംഭിച്ച പ്രചാരണത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചല്ലാനായ ആശ്വസത്തിലാണ് ഇടത് ക്യാമ്പ്. ഫെബ്രുവരി 21ന് ആരംഭിച്ച പ്രചാരണത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ആദ്യഘട്ടത്തിൽ പ്രമുഖരെ കണ്ട് പിന്തുണ തേടി. ഒപ്പം ഒന്നാം ഘട്ട റോഡ് ഷോയും പൂർത്തിയാക്കി. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഇടതു സ്ഥാനാർത്ഥിയും ക്യാമ്പും. ഇന്നലെ രാവിലെ കോട്ടുവള്ളി സ്‌കൂളിലെ അദ്ധ്യാപകരെ സന്ദർശിച്ച കെ.ജെ. ഷൈൻ മണംതുരുത്ത് മദ്രസ, എസ്.എൻ.ഡി.പി യോഗം വരാപ്പുഴ ശാഖ, ചെറിയപിള്ളി സെന്റ്. ആന്റണീസ് തീർത്ഥാടനകേന്ദ്രം എന്നിവിടങ്ങളിലെത്തിയും വോട്ടു തേടി. ഉച്ചയ്ക്ക് ശേഷം നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എറണാകുളം ടൗൺഹാൾ പരിസരം മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയായിരുന്നു റോഡ് ഷോ. ഇന്ന് കളമശേരി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നേരിട്ടെത്തി വോട്ടർമാരെ സന്ദർശിക്കും.
പ്രചാരണത്തിരക്കിലേക്ക് ഹൈബിയും
മണ്ഡലത്തിന്റെ ചൂരും ചൂടും ഹൃദ്യസ്ഥമായ ഹൈബി ഈഡൻ പ്രചാരണത്തിരക്കിലേക്ക് കടന്നുകഴിഞ്ഞു. സാഹിത്യക്കാരി ഡോ. എം. ലീലാവതിയുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് ഹൈബി ഈഡൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. തുടർന്ന് മരണവീടുകൾ സന്ദർശിച്ച ശേഷം ഡി.സി.സി ഓഫീസിലെത്തിയ ഹൈബി ജില്ലാ കോൺഗ്രസ് ഭാരവാഹികളുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തു. വിവിധ ഉദ്ഘാടന ചടങ്ങുകളിലും ക്ഷേത്രോത്സവ ചടങ്ങുകളിലും പങ്കെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട യോഗത്തിലും സംബന്ധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം എം.പി എന്ന നിലയിൽ വികസന പദ്ധതികളുടെ അവസാനവട്ട വിലയിരുത്തലുകളിലും ഹൈബി സജീവമായിരുന്നു.
വൈകിട്ട് കുന്നുകര ജുമാ മസ്ജിദിൽ ഖത്തിബ് അബ്ദുൾ റഹിം ഹുദവിക്കും പ്രവർത്തകർക്കും ഒപ്പം റംസാൻ മാസത്തിലെ ആദ്യ നോമ്പ് തുറയിലും പങ്കെടുത്തു.