കൊച്ചി: കൊച്ചി പോലൊരു വലിയ നഗരത്തിൽ ഒറ്റയ്ക്കെത്തി താമസിക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കുള്ള സുരക്ഷിത സ്ഥലമായി കോർപ്പറേഷന്റെ ഷീ ലോഡ്ജ് @ കൊച്ചി സ്വയം തെളിയിച്ചതായി മന്ത്രി പി. രാജീവ്. ഷീ ലോഡ്ജിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരീക്ഷ, ഇന്റ‌ർവ്യൂ എന്നിവയ്ക്കായി നഗരത്തിലെത്തി താമസിക്കുന്നവർക്ക് സുരക്ഷയെക്കുറിച്ച് വലിയ ഉത്കണ്ഠയുണ്ടാകും. ജനങ്ങൾ തങ്ങളില‌ർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് മേയ‌ർ എം. അനിൽകുമാറും കൗൺസിൽ അംഗങ്ങളുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകൾക്കായി വർക് നിയ‌ർ ഹോം പദ്ധതി സൗത്ത് റെയിൽ വേ സ്റ്റേഷനിൽ ആരംഭിക്കാനൊരുങ്ങുകയാണ്. കേരളത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് പരമാവധി തൊഴിലവസരം നൽകുകയാണ് സ‌ർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്രാൻഡിംഗ് കമ്മിറ്റി ചെയ‌ർപേഴ്സൺമാരായ ഷീബ ലാൽ, പ്രിയ പ്രശാന്ത്, പി.ആ‌ർ. റെനീഷ്, വി.എ. ശ്രീജിത്ത്, കോ‌ർപ്പറേഷൻ സെക്രട്ടറി വി. ചെൽസ സിനി എന്നിവർ സംസാരിച്ചു.

പുതിയ ഷീ ലോഡ്ജ്

നോ‌ർത്ത് റെയിൽവേ സ്റ്റേഷനിൽ അയ്യപ്പൻകാവ് ഡിവിഷനിൽ എസ്.സി, എസ്.ടി വിഭാഗക്കാ‌ർക്കായി കോർപ്പറേഷന്റെ പുതിയ ഷീ ലോഡ്ജ് ആരംഭിക്കും. എസ്.സി, എസ്.ടി ഫണ്ട് ഉപയോഗിച്ചാണ് നി‌ർമ്മാണം. 60 മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുക. ഇതിനോടൊപ്പം തന്നെ ജി.സി.ഡി.എ നി‌ർമ്മിക്കുന്ന ഷീ ലോഡ്ജും ആരംഭിക്കും.