bund

കൊച്ചി: വർഷങ്ങളായി തുടരുന്ന പരാതികൾക്കും നിവേദനങ്ങൾക്കും ഫലം കണാതെ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള പാലം നിർമ്മാണത്തിനായി പണിത വടുതലയിലെ ബണ്ട് പൊളിക്കൽ നീളുന്നു. നവകേരള സദസിൽ സോഷ്യൽ വെൽഫെയർ ആക്ഷൻ അസലയൻസ് സൊസൈറ്റി നൽകിയതാണ് അവസാന പരാതി. അതും നിഷ്ഫലമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ വിഷയമെത്തിക്കുന്നതിനാണ് കളമശേരി നവകേരള സദസിന്റെ വേദിയിൽ സ്വാസ് അംഗങ്ങൾ പരാതി നൽകിയത്. ജില്ലയിലെ ഇറിഗേഷൻ വകുപ്പാണ് പരാതിയിൽ മറുപടി അറിയിച്ചിരിക്കുന്നത്. വടുതല ബണ്ടിൽ അടിഞ്ഞ എക്കലും ചെളിയും നീക്കം ചെയ്യുന്നത് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് ഇറിഗേഷൻ വകുപ്പ് സ്വാസിന് നൽകിയ മറുപടി.

ഇത്രമേൽ ഗുരുതരമായ വിഷയം താഴെത്തട്ടിൽ ജില്ലാതലത്തിൽ മാത്രമായി ഒതുക്കിയ ഇറിഗേഷൻ വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്വാസ്.
കോടതിയിയിൽ വസ്തുതകൾ ബോദ്ധ്യപ്പെ ടുത്തുന്നതിന് ശ്രമിക്കുമെന്ന് പറഞ്ഞാണ് ഇറിഗേഷൻ എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് പരാതിക്കുള്ള മറുപടി അവസാനിപ്പിക്കുന്നത്.

ബണ്ട് പ്രശ്‌നം കോടതിയുടെ പരിഗണനയിലാണെന്നും തുടർനടപടിക്ക് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇടപെടൽ വേണമെന്നുമായുരുന്നു പരാതിയിലെ ആവശ്യം. പരാതി തന്നെയാണ് മറുപടിയാക്കി നൽകിട്ടുള്ളത് മറ്റ് പരിഹാരങ്ങളോ നിർദേശങ്ങളോയില്ല.

വടുതല ബണ്ട്

നിർമ്മാണം-2009-10 വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് ചരക്കുനീക്കം സുഗമമാക്കുന്നതിന് മേൽപാലം പണിയുന്നതിനായി നിർമ്മിച്ചത്.

സ്ഥലം- വടുതല ഭാഗത്ത് പെരിയാർ വേമ്പനാട് കായലുമായി ചേരുന്നിടം

പ്രശ്‌നം- പെരിയാറിൽ 50 കിലോമീറ്റർ നീളത്തിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ഇറിഗേഷൻ വകുപ്പിന്റെയും വിദഗ്ദ്ധ സമിതിയുടെയും റിപ്പോർട്ട്

അടിഞ്ഞിരിക്കുന്ന ചെളിയും എക്കലും- 25.15 ലക്ഷം ക്യൂബിക് മീറ്റർ (കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കേരി) പഠന റിപ്പോർട്ട)

നിർമ്മാണച്ചുമതല- അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ എന്ന സ്വകാര്യ കമ്പനി (അഫ്‌കോൺസിന് മേൽപാലം നിർമ്മാണത്തിന്റെ കരാർ നൽകിയത് റെയിൽ വികാസ് നിഗം ലിമിറ്റഡ്-ആർ.വി.എൻ.എൽ)

മണ്ണും ചെളിയും നീക്കം ചെയ്യാൻ വേണ്ടി വരുന്ന തുക- 61.4 കോടി രൂപ

ഒരു ജനകീയ വിഷയത്തിൽ സമർപ്പിക്കപ്പെട്ട പരാതിയെ ഇത്ര നിസാരവത്കരിച്ച ഇറിഗേഷൻ വകുപ്പിന്റെ നടപടിയിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ടറിയിക്കും
സന്തോഷ് ജേക്കബ്
(സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി-സ്വാസ്)