ആലുവ: മന്നത്ത് പദ്മനാഭന്റെ ആദർശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) ജില്ലാ സമ്മേളനവും പുതിയതായി പാർട്ടിയിൽ ചേർന്നവർക്കുള്ള അംഗത്വ വിതരണവും നാളെ ആലുവ കടത്തുകടവ് സംകാരിക കേന്ദ്രത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോൻ അറിയിച്ചു.
ഉച്ചക്ക് രണ്ടിന് ശ്രീകൃഷ്ണക്ഷേത്ര പരിസരത്തുനിന്ന് സമ്മേളന ഹാളിലേക്ക് പ്രകടനം നടക്കും. സമ്മേളനം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ് മേനോൻ, സംഘടനാ സെക്രട്ടറി സുധീർ പണിക്കർ, യുവജനവിഭാഗം പ്രസിഡന്റ് വിനയ് കളരിക്കൽ, ജില്ലാ സെക്രട്ടറി മോഹൻ മാങ്കയിൽ, ജയകുമാർ, കെ.പി. സരള എന്നിവർ സംസാരിക്കും. തുടർന്ന് പുതിയ അംഗങ്ങൾക്ക് സ്വീകരണവും കലാപരിപാടികളും.
ലോക‌്സഭ തിരഞ്ഞെടുപ്പ് നിലപാട് പിന്നീട്
ലോക‌്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും സഹായം തേടിയിട്ടുണ്ടെന്നും നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ഡി.എസ്.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോനും ജനറൽ സെക്രട്ടറി എസ്.എസ് മേനോനും പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പിന്തുണ പാർട്ടിക്കുണ്ട്. 20 ശതമാനത്തോളം വരുന്ന മുന്നാക്ക ജനവിഭാഗത്തിന് അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെങ്കിലും മതേതരത്വം സംരക്ഷിക്കുന്ന നിലപാടായിരിക്കും എക്കാലവും സ്വീകരിക്കുകയെന്നും ഇരുവരും പറഞ്ഞു.