
വൈപ്പിൻ: വേനൽച്ചൂട് കത്തിപ്പടരുമ്പോഴും പോരാട്ടവീര്യത്തിന് ഒരു തരിപോലും കോട്ടം തട്ടാതെ പുതുതലമുറയും പ്രചാരണത്തിരക്കിൽ. രണ്ട് കോളേജ് വിദ്യാർത്ഥിനികൾ ചുവരെഴുത്തിനിറങ്ങിയതാണ് ചെറായിയിൽ നിന്നുള്ള കൗതുകക്കാഴ്ച. ആലുവ യു.സി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി നന്ദന സുനിലും തിരുവനന്തപുരം പുളിയറക്കോണത്തെ സി.എ.ടി കോളേജ് ഒഫ് ആർക്കിടെക്ടിലെ ഗ്രീഷ്മ ബെൻഹറുമാണ് ചുവരുകൾ തേടി കൈയ്യിൽ ബ്രഷും ചായക്കൂട്ടുകളുമായി ഇറങ്ങിയിരിക്കുന്നത്.
കലാകാരനും പ്രമുഖ കോൺഗ്രസ് നേതാവുമായ പിതാവ് സി.ആർ. സുനിലിനൊപ്പമാണ് നന്ദനയുടെ ചുവരെഴുത്ത്. അച്ഛൻ കറ തീർന്ന കോൺഗ്രസ് നേതാവാണെങ്കിലും ആ രാഷ്ട്രീയ പാരമ്പര്യമല്ല നന്ദനയെ ചുവരെഴുത്തിലെത്തിച്ചത്. കോളേജിൽ രാഷ്ട്രീയമില്ലാത്ത നന്ദനയ്ക്ക് ചിത്രകലയോടും ചുവരെഴുത്തിനോടുമുള്ള അടങ്ങാത്ത താത്പര്യമാണ് ഹൈബിക്കായി ബ്രഷെടുക്കാൻ കാരണമായത്. അച്ഛൻ കോൺഗ്രസുകാരനായത് കൊണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈൻ ടീച്ചർക്കായി അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കാൻ മനസ് സമ്മതിക്കുന്നില്ല. അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനു വേണ്ടി വരയ്ക്കുന്നു.
കുട്ടിക്കാലത്തെ ചിത്രരചനയിൽ മികവ് കാണിച്ച നന്ദന സ്കൂൾ, കോളേജ് തലങ്ങളിൽ നിരവധി സമ്മാനങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. അച്ഛന്റെ നിർദ്ദേശങ്ങൾ പിന്തുടർന്ന് ചുവരെഴുത്തിൽ പുതിയ മാതൃകകൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് നന്ദന. അമ്മ സീമയുടെയും പൂർണ പിന്തുണ നന്ദനയ്ക്കുണ്ട്.
മുത്തച്ഛന്റെ വഴിയിൽ ഗ്രീഷ്മ
ചിത്രരചനയോടുള്ള ഇഷ്ടം മാത്രമല്ല ഹൈബിയോടുള്ള യുവതലമുറയുടെ താത്പര്യവും ചുവരെഴുത്തിനായി തന്നെക്കൊണ്ട് ബഷ് എടുപ്പിച്ചതായി ഗ്രീഷ്മ ബെൻഹർ പറയുന്നു. ചുവരെഴുത്തിൽ മുത്തച്ഛൻ കുട്ടന്റെ കഴിവാണ് ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ ആദ്യകാല ചിഹ്നമായ കലപ്പയും കാളയും വരയ്ക്കാൻ വിദഗ്ധനായിരുന്നു കുട്ടൻ. എന്നാൽ പിന്നീട് അദ്ദേഹം കോൺഗ്രസിനോട് വഴിപിരിഞ്ഞ് സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായി. എന്നാൽ മുത്തച്ഛന്റെ വഴി പിന്തുടരാതെ മനസ് കോൺഗ്രസിനോടൊപ്പമായത് എറണാകുളം ഡി.സി.സി എക്സിക്യൂട്ടിവ് അംഗമായ അമ്മാവൻ വി.എസ്. സോളിരാജിന്റെ പ്രവർത്തനമികവിൽ ആകൃഷ്ടയായാണ്. ചിത്രകലയിലും ഏറെ മികവ് പുലർത്തുന്ന ഗ്രീഷ്മ, റഷ്യയിൽ എൻജിനീയറായി പ്രവർത്തിക്കുന്ന ചെറായി കളത്തിപ്പറമ്പിൽ ബെൻഹറിന്റെ മകളാണ്. മോളിയാണ് അമ്മ.