police
സ്റ്റേഷനിലെത്തിയ കുട്ടി പൊലീസുകാരെ സല്യൂട്ട് നൽകി എസ്.എച്ച്.ഒ വി.പി. സുധീഷ് സ്വീകരിക്കുന്നു.

കോലഞ്ചേരി: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ 'വളഞ്ഞ്' കുട്ടി പൊലീസുകാർ. കുമ്മനോട് ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി, സ്റ്റുഡന്റ്സ് സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായ ഫീൽഡ് ട്രിപ്പുമായാണ് കുട്ടി പൊലീസുകാരോടൊപ്പം സ്റ്റേഷനിലെത്തിയത്.

രാവിലെ ജോലിയുടെ ഭാഗമായുള്ള നിരവധി ടെൻഷനുകളുമായി ഓഫീസിലെത്തിയ പൊലീസുകാർ പൊലീസ് വേഷം ധരിച്ചെത്തിയ ഇവരെ കണ്ടതോടെ ചിരിച്ച് സല്യൂട്ട് നൽകി ഹർഷാരവത്തോടെ സ്വീകരിച്ചു. ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ കൂടിയാണ് കുന്നത്തുനാട്.

അതു വരെ പൊലീസെന്നു കേട്ടാൽ പേടിച്ചിരുന്ന കുരുന്നുകൾക്കര ലാത്തി വേണം, ഒപ്പം തോക്കും. പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷിനോടാണ് ചോദ്യം. ലാത്തി എന്താണെന്നും തോക്കിന്റെ ഉപയോഗവും ഇൻസ്പെക്ടർ പറഞ്ഞ് വിശദമാക്കി​യപ്പോൾ ചെറിയ തോക്കു കണ്ടാൽ പോരാ വലുതു തന്നെ കാണണമെന്നായി. സ്​റ്റേഷനിലെ റൈഫിൾ കാണിച്ച് ഉപയോഗം വിവരിച്ചപ്പോഴാണ് സംശയം തീർന്നത്.

പൊലീസുകാർ ജനങ്ങളുടെ മിത്രങ്ങളാണെന്നും ധൈര്യമായി സ്‌റ്റേഷനിലെത്താമെന്നും കുട്ടികളെ പൊലീസ് പറഞ്ഞു മനസിലാക്കി. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പൊലീസ് ലോക്കപ്പും കൈവിലങ്ങും കണ്ടപ്പോൾ കള്ളനെ കാണണമെന്നായി അവർ. നിലവിൽ കള്ളന്മാരെ പിടിച്ചിട്ടില്ലെന്ന് പൊലീസ് അറി​യി​ച്ചു. മിഠായി നൽകിയാണ് കുട്ടികളെ സ്‌​റ്റേഷനിലേക്ക് സ്വീകരിച്ചത്. ഹെഡ്മിസ്ട്രസ് കെ.എം. മേരി, ടി.എം. നജീല എന്നിവരോടൊപ്പം 100 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ്, സി.ടി. സുരേഷ്, എസ്.എസ്.എസ് കോ ഓർഡിനേറ്റേഴ്സും പ്രീ സ്കൂൾ അദ്ധ്യാപകരും ആയമാരും പങ്കെടുത്തു.