ആകെയുള്ളത് ഡേറ്റാ എൻട്രി ഓപ്പറേറ്റർ
കൊച്ചി: 18 വയസുവരെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിലും മറ്റും തീരുമാനമെടുക്കാൻ ജുഡീഷ്യൽ അധികാരമുള്ള ജില്ലാ ശിശുക്ഷേമസമിതി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴ്‌വാക്കാകുന്നു. കഴിഞ്ഞദിവസം എറണാകുളത്തെ ഉൾപ്പെടെ ഓഫീസുകൾ നവീകരിച്ചെങ്കിലും ജീവനക്കാരുടെ നിയമനത്തിൽ തീരുമാനമായിട്ടില്ല.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ ആകെയുള്ളത് ഒന്നോ രണ്ടോ ജീവനക്കാരാണ്. ഇതോടെ സംസ്ഥാനത്തെ സി.ഡബ്ല്യു.സികളുടെ പ്രവർത്തനം താറുമാറാകും.
കുട്ടികൾ അതിക്രമങ്ങളിലും പീഡനങ്ങളിലും ഇരയാകുമ്പോൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട ജുഡീഷ്യൽ അധികാരമുള്ള ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ചംഗ ഭരണസമിതിക്ക് മുന്നിൽ ജോലികൾ ഒന്നൊന്നായി കുന്നുകൂടും. കരാർ നിയമനം ലഭിച്ച ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാത്രമാണ് ജീവനക്കാരൻ.
കഴിഞ്ഞ സർക്കാരും നിലവിലുള്ള സർക്കാരും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. കെ.കെ. ശൈലജ വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ആറുപേരെ വീതം നിയമിക്കാനായിരുന്നു തീരുമാനം. സർക്കാരും ശിശുവികസനവകുപ്പ് ഡയറക്ടറും മാറിയതോടെ നടപടികൾ നിലച്ചു. പുതിയ സർക്കാരിനുമുന്നിൽ വന്നെങ്കിലും തീരുമാനമായിട്ടില്ല.
തൂപ്പുജോലിവരെ അംഗങ്ങൾക്ക്
സർക്കാർ അധീനതയിൽ വരുന്ന ഓഫീസിലെ പ്യൂണിന്റെയും സ്വീപ്പറുടെയും ജോലിവരെ സി.ഡബ്ല്യു.സി അംഗങ്ങൾ ചെയ്യേണ്ട സ്ഥിതിയാണ്. പ്രധാനപ്പെട്ട ഓഫീസുകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിൽ ദിവസം ഇരുപതിലേറെ കേസുകൾ പരിഗണിക്കും. വിവരങ്ങൾ കമ്പ്യൂട്ടറിലാക്കണമെങ്കിൽ കരാർ ജീവനക്കാരനായ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ദിവസങ്ങൾ പരിശ്രമിക്കണം.
ഓരോ ഓഫീസിലും വേണ്ടത്
സെക്രട്ടറി
രണ്ട് ക്ലാർക്ക്
മൂന്ന് ടൈപ്പിസ്റ്റ്
മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർ
ഒരു സ്വീപ്പർ
ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി)
അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ അടങ്ങിയ ജുഡീഷ്യൽ ബോഡി. ആവശ്യമെങ്കിൽ കുട്ടിക്ക് അഭയകേന്ദ്രവും ഒരുക്കും. സമിതി തീരുമാനങ്ങളിന്മേൽ അപ്പീൽ പോകാവുന്നത് കുട്ടികളുടെ കോടതിയിൽ.
ചുമതലകൾ
കേസുകൾ പരിഗണിക്കണം, മൊഴിയെടുക്കണം, തീരുമാനമെടുക്കണം, കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ, അഭയകേന്ദ്രം നിശ്ചയിക്കൽ, നേരിട്ട് വിലയിരുത്തൽ, നഷ്ടപരിഹാരം നിശ്ചയിക്കൽ, ആശുപത്രികൾ സന്ദർശിക്കൽ, പൊലീസ് ഏകോപനം.