mini

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ എട്ടുലക്ഷത്തിന്റെ മിനി കൂപ്പർ ആഡംബരകാർ ലേലം മാറ്റിവച്ചു. കൊച്ചി കസ്റ്റംസിന്റെ കാർ ലേലമാണ് വാഹനപ്രേമികളെ ആകർഷിച്ചത്. അര കോടിയിലേറെ രൂപ വിലവരുന്ന ചെറു ആഡംബര കാറാണ് മിനി കൂപ്പർ. ബ്രിട്ടീഷ് പാരമ്പര്യമുള്ള കമ്പനിയുടെ ഇപ്പോഴത്തെ ഉടമകൾ ജർമ്മൻ ബി.എം. ഡബ്ളിയുവാണ്. എട്ട് ലക്ഷം അടിസ്ഥാന വില നിശ്ചയിച്ച് കസ്റ്റംസ് മിനി കൂപ്പർ ലേലം ചെയ്യുന്നെന്ന് പ്രചരിപ്പിച്ച വാർത്തകത്തകളെ തുടർന്ന് വെല്ലിംഗ്ടൺ ഐലൻഡിലെ കസ്റ്റംസ് യാർഡിലേക്ക് ഒരാഴ്ചയിലേറെയായി കൂപ്പർ പ്രേമികളുടെ ഒഴുക്കായിരുന്നു. കുടുംബസമേതം വന്നവരും കുറവല്ല. പ്രതികരണം കണ്ട് കസ്റ്റംസും ഞെട്ടി.

2013 മോഡലാണ് മി​നി​ കൂപ്പർ. ഇതിനു പുറമെ, രണ്ട് മാരുതി സ്വിഫ്റ്റുകളും തുറമുഖത്ത് നിന്ന് ക്ളിയർ ചെയ്യാത്ത ബാഗേജുകളും എയർപോർട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ വസ്തുക്കളുമാണ് ലേലത്തിനുണ്ടായിരുന്നത്.

വിൽക്കാനുള്ള കൂപ്പർ നി​സാരനല്ല. ഡീസൽ ടാങ്കിൽ സ്വർണം ഒളിപ്പിച്ച് കൊച്ചി​ തുറമുഖം വഴി​ കടത്താൻ ശ്രമിച്ചതിന് പിടിയിലായതാണ്. സ്വർണം കസ്റ്റംസ് കണ്ടുകെട്ടി​. കൂപ്പർ ഉടമ ഉപേക്ഷി​ച്ചു. നികുതിവെട്ടിപ്പ് കേസിൽ കസ്റ്റംസി​ന്റെ ഭാഗമായ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലി​ജൻസ് കണ്ടുകെട്ടിയവയാണ് സ്വിഫ്റ്റുകൾ.

കാറുകൾക്കൊന്നി​നും ആർ.സി​.ബുക്കും മറ്റ് പേപ്പറുകളുമി​ല്ല. ലേലം കൊള്ളുന്നവർക്ക് ചേസി​സ്, എൻജി​ൻ നമ്പറുകൾ രേഖപ്പെടുത്തി​ കസ്റ്റംസ് നൽകുന്ന ഡെലി​വറി​ നോട്ടാണ് അടി​സ്ഥാനരേഖ. ഇത് ഉപയോഗി​ച്ച് നി​കുതി​ അടച്ച് പുതി​യ രജി​സ്ട്രേഷൻ എടുക്കാം.

8 ലക്ഷം വിലയിട്ട്

കുബുദ്ധികൾ

യഥാർത്ഥത്തി​ൽ മിനി കൂപ്പറിന്റെ അടി​സ്ഥാനവി​ല കസ്റ്റംസ് പുറത്തുവി​ട്ടി​ട്ടി​ല്ല. ലേലവ്യവസ്ഥകൾ പ്രകാരം വി​ല സൂചി​പ്പി​ക്കി​ല്ല. കസ്റ്റംസ് മൂല്യനി​ർണയം രഹസ്യവുമാണ്. ഏതോ കുബുദ്ധി​കളാണ് എട്ട് ലക്ഷം എന്ന വി​ല പ്രചരി​പ്പി​ച്ചത്. ലേലം മാറ്റാൻ തീരുമാനി​ച്ചത് കസ്റ്റംസി​ന്റെ ലേല കമ്മി​റ്റി​യാണ്. സാങ്കേതി​ക പ്രശ്നങ്ങളാണ്കാരണം.

കേന്ദ്ര പോർട്ടൽ;

6000 രൂപ ചെലവ്

പുതി​യ ലേലം മാർച്ച് അവസാനമോ ഏപ്രി​ൽ ആദ്യമോ ഉണ്ടായേക്കും. www.mstcecommerce.com എന്ന കേന്ദ്രസർക്കാർ പോർട്ടലി​ലൂടെയാണ് ഇ-ലേലം നടത്തുക. ലേലത്തി​ന് രജി​സ്റ്റർ ചെയ്യാൻ ആറായി​രം രൂപയോളം ചെലവുവരും.