 
# പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നും 30 കോടി രൂപ അനുവദിക്കും
#സംസ്ഥാന സർക്കാർ 15 കോടിയും നഗരസഭ അഞ്ച് കോടിയും ചെലവഴിക്കും
ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമെന്ന നിലയിൽ ആലുവയിൽ 50 കോടി രൂപ ചെലവിൽ പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ 60 ശതമാനമായ 30 കോടി രൂപ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നും ബാക്കി 15 കോടി സംസ്ഥാന സർക്കാരും അഞ്ച് കോടി നഗരസഭയും ചെലവഴിക്കും.
നാലു നിലകളിലായി 1,82,308 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം
നഗരസഭ തയ്യാറാക്കിയ രൂപ രേഖയിൽ ചില മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ അംഗീകരിച്ച ശേഷമാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. രൂപരേഖ പ്രകാരം ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, മെസാനിൻ ഫ്ലോർ, ഒന്നാം നില തുടങങി നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമ്മാണം. റസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകളുമുണ്ടാകും. സ്ത്രീ - പുരുഷ - ട്രാൻസ്‌ജെൻഡേഴ്‌സ്, ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കായി പ്രത്യേകം ടോയ് ലെറ്റുകൾ, ലിഫ്ട്, എസ്‌കലേറ്റർ, പ്രായാധിക്യമുള്ളവർക്ക് തെന്നാത്ത ടൈലുകൾ പതിച്ച റാമ്പ് എന്നിവയുമുണ്ടാകും.
പദ്ധതിയുടെ ഡി.പിആർ തയ്യാറാക്കിയത് കേരള സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്പ്‌മെന്റ് കോർപറേഷൻ എം.ഡിയായ ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലാണ്. രൂപരേഖ തയ്യാറാക്കിയത് കോഴിക്കോട്ടെ സ്തപദി കൺസൾട്ടൻസിയുടെ ചീഫ് ആർക്കിടെക്ട് ടോണി കൈനാടിയുമാണ്. രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഫണ്ട് ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ലഭിച്ചത്.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രത്യേക ഇടപെടലാണ് കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കാൻ സഹായകമായതെന്ന് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പറഞ്ഞു.
മാർക്കറ്റ് കെട്ടിടം പൊളിച്ചിട്ട് പത്ത് വർഷം
പത്ത് വർഷം മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് മാർക്കറ്റ് കെട്ടിടത്തിന് കല്ലിട്ടത്.
ഒരു വർഷത്തിനകം പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു
ഫണ്ട് പോലും ലഭ്യമാക്കാതെയാണ് നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിച്ച് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചതെന്നാണ് ആക്ഷേപം.