bdjsunni

കൊച്ചി: ജനസമ്പർക്കത്തിന് വേഗത കൂട്ടി പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് ബന്ധങ്ങൾ പുതുക്കിയും പിന്തുണ തേടിയും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ. നിയമസഭാ മണ്ഡലം, ബൂത്ത് കൺവെൻഷനുകളുമായി മൂന്നു മുന്നണികളും സജ്ജമായതോടെ വീറുറ്റ പോരാട്ടത്തിന് കളമൊരുങ്ങി.

സി. രവീന്ദ്രനാഥ് തീരദേശത്ത്

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് തൃശൂർ ജില്ലയിലെ കൈപ്പമംഗലം നിയമസഭാ മണ്ഡലത്തിലെ ഏറിയാട്, എടത്തുരുത്തി, കൈപ്പമംഗലം പഞ്ചായത്തുകളിൽ ഇന്നലെ പര്യടനം നടത്തി. തീരദേശ മേഖലയായ കമ്പനിക്കടവിൽ മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ ശ്രദ്ധിച്ചു. പള്ളിനട, പൈനൂർ, ചൂലൂർ, എടത്തിരുത്തി, സർദാർ ഗ്രാമീണ വായനശാല, ചെന്ദ്രാപ്പിന്നി, കൈപ്പമംഗലം, മതിലകം, കൊടുങ്ങല്ലൂർ, മാടവന, അത്താണി, ഏറിയാട്, അഴീക്കോട് പ്രദേശങ്ങളും സന്ദർശിച്ചു.

കൊടുങ്ങലൂർ ഐ.എച്ച്.ആർ.ഡി അപ്ലയ്ഡ് സയൻസ് കോളേജ്, എറിയാട് ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിൽ യുവ വോട്ടർമാരുമായും അദ്ധ്യാപകരുമായും ആശയവിനിമയം നടത്തി.

ബെന്നി ബഹനാൻ ഓട്ടപ്രദക്ഷണത്തിൽ

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ അമ്പലമുകൾ ഫാക്ടിലെ തൊഴിലാളികളെ സന്ദർശിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പ്രചാരണം ആരംഭിച്ചത്. വോട്ടഭ്യർത്ഥിച്ചെത്തിയ ബെന്നി ബഹനാനെ തൊഴിലാളികൾ ആവേശത്തോടെ സ്വീകരിച്ചു.
ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ വിവിധ കന്യാസ്ത്രീമഠങ്ങളിൽ ബെന്നി ബഹനാൻ അനുഗ്രഹവും പിന്തുണയും തേടിയെത്തി.
അങ്കമാലി ഡി. പോൾ, അങ്കമാലി ലിറ്റിൽ ഫ്‌ലവർ നഴ്‌സിംഗ് കോളേജുകളിൽ പുതുതലമുറയുടെ പിന്തുണ അഭ്യർത്ഥിച്ചു.

കെ.എ. ഉണ്ണികൃഷ്‌ണൻ നേതൃയോഗത്തിൽ

എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്‌ണൻ ആലുവ, കൊടുങ്ങല്ലൂർ മേഖലകളിൽ പ്രധാന നേതാക്കളെയും പ്രവർത്തകരെയും പ്രമുഖവ്യക്തികളെയും സന്ദർശിച്ച് പിന്തുണ തേടി. അങ്കമാലിയിൽ നടന്ന നിയമസഭാ മണ്ഡലംതല നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു. 18ന് ഓഫീസ് തുറന്ന് പ്രചാരണപരിപാടികൾ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

കൺവെൻഷൻ മുന്നോട്ട്

എൽ.ഡി.എഫിന്റെ നിയമസഭാ മണ്ഡലം കൺവെൻഷനുകൾ 16ന് പൂർത്തിയാകും. ബൂത്തുതല കൺവെൻഷനുകൾ 20 നകം പൂർത്തിയാക്കും. യു.ഡി.എഫിന്റെ നിയമസഭാ കൺവെൻഷൻ ഇന്നലെ ആരംഭിച്ചു. കൊടുങ്ങല്ലൂർ, പെരുമ്പാവൂർ കൺവെൻഷനുകൾ ഇന്നും കൈപ്പമംഗലം നാളെയും കുന്നത്തുനാട്, ആലുവ 16നും നടക്കും.