കൊച്ചി: 'കടലാസ് കമ്പനി'യുടെ മറവിൽ കോടികളുടെ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം മലയൻകീഴ് സ്വദേശിനി ബി.ടി. പ്രിയങ്കയുടെ (30) സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കടവന്ത്ര പൊലീസ് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇവരെ കോഴിക്കോട് തിരുവമ്പാടി പൊലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
തിരുവമ്പാടിക്ക് പുറമേ വർക്കല, കിളിമാനൂർ സ്റ്റേഷനുകളിലും തട്ടിപ്പ് കേസുകളിൽ പ്രതിയാണിവർ. അറസ്റ്റിലായ പ്രിയങ്കയുടെ അമ്മ തങ്കമണിയും സഹോദരൻ രാജീവും തിരുവമ്പാടി കേസിൽ കൂട്ടുപ്രതികളാണ്. രാജീവ് കടവന്ത്ര കേസിലെയും കൂട്ടുപ്രതിയാണ്. അമ്മയും സഹോദരനും ഒളിവിലാണ്. കടവന്ത്രയിൽ ട്രേഡ് കൂപ്പേഴ്സ് എന്ന സ്ഥാപനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രിയങ്ക ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. 21 ശതമാനം ലാഭമായിരുന്നു വാഗ്ദാനം. മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ സുഹൃത്തുക്കളെയും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്.
തിരുവമ്പാടി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽമാത്രം 25ലക്ഷത്തിലധികം രൂപ പ്രിയങ്ക തട്ടിയതായാണ് പറയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ അരവിന്ദാക്ഷൻ പറഞ്ഞു. സെബിയുടെ അംഗീകാരമില്ലാത്ത സ്ഥാപനംവഴി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇവരുടെ ബാങ്ക് ഇടപാട് സംബന്ധിച്ച് വിവരശേഖരണം തുടങ്ങി. തട്ടിയെടുക്കുന്ന തുക സഹോദരന്റെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ട്രേഡിംഗിനായി കുറച്ചുതുക വാങ്ങും. ഇതിൽ വലിയ ലാഭംനൽകി കൂടുതൽപണം വാങ്ങിയെടുക്കുകയാണ് രീതി.
മറ്റൊരാൾക്ക് കൈമാറിയ നിക്ഷേപത്തുക തിരികെ ലഭിക്കാതെ ചതിക്കപ്പെട്ടതാണെന്നതാണ് പ്രിയങ്കയുടെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. കേസിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
ട്രേഡ് കൂപ്പേഴ്സ്' ഇടപാടിൽ അന്വേഷണം
തട്ടിപ്പ് സ്ഥാപനം ട്രേഡ് കൂപ്പേഴ്സിനെക്കുറിച്ച് വിശദമായ അന്വേഷണം കടവന്ത്ര പൊലീസ് ആരംഭിച്ചു. പ്രിയങ്കയ്ക്കെതിരെ സമാനമായ കുറ്റത്തിന് വിവിധ സ്റ്റേഷനുകളിൽ കേസെടുത്ത സാഹചര്യത്തിലാണ് നീക്കം. കരുമാല്ലൂർ സ്വദേശിയിൽനിന്ന് 7.5ലക്ഷം തട്ടിയ കേസിലാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ഈ കേസിൽ പ്രിയങ്ക മുൻകൂർജാമ്യം നേടിയിരുന്നു.