കൊച്ചി: തൃക്കാക്കര അത്താണിയിലെ പൊതുശ്മശാനത്തിന്റെ ഒരു ഭാഗം സെമിത്തേരിയാക്കാൻ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിൽ തൃക്കാക്കര നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം. തിരഞ്ഞെടുപ്പിന് മുമ്പ് ലത്തീൻകത്തോലിക്കാ വോട്ടുകൾ ഉറപ്പിക്കലാണ് ലക്ഷ്യം. തൃക്കാക്കരയിലെ കോൺഗ്രസ് നേതാക്കളെ ഗ്രൂപ്പിന് അതീതമായി ചൊവ്വാഴ്ച ഇതിനായി ഡി.സി.സി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. എന്തു സംഭവിച്ചാലും കൗൺസിൽ യോഗത്തിന്റെ ഈ അജണ്ട പാസാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അന്ത്യശാസനം. അംഗങ്ങൾക്ക് ഡി.സി.സി പ്രസിഡന്റ് ഇന്ന് ഇതുസംബന്ധിച്ച വിപ്പ് നൽകും.
പൊതുശ്മശാനത്തിൽ നിന്ന് മൂന്നു സെന്റ് സെമിത്തേരിക്കായി അനുവദിക്കണമെന്ന അത്താണി സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി വികാരി ഫാ. റോബിൻസണിന്റെ അപേക്ഷ മൂന്ന് മാസം മുമ്പ് കൗൺസിൽ ഏകകണ്ഠമായി തള്ളിയതാണ്. പള്ളിക്ക് സെമിത്തേരി ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ ചെമ്പുമുക്ക് പള്ളി സെമിത്തേരിയിലാണ് സംസ്കരിക്കുന്നതെന്നും നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് മൂന്ന് ക്രൈസ്തവരെ അത്താണിയിൽ അടക്കിയിട്ടുണ്ടെന്നുമാണ് വാദം.
കാക്കനാട് വില്ലേജിലെ സർക്കാർ പുറമ്പോക്ക് ഭൂമിയായ ശ്മശാനം ഈ മേഖലയിലെ ഹൈന്ദവർ ഉപയോഗിക്കുന്നതാണെന്നും ഇതിന്റെ ഒരു ഭാഗം ഒരുസമുദായത്തിന് മാത്രമായി കൈമാറുന്നത് നിയമവിരുദ്ധമാണെന്നും ഹിന്ദു ഐക്യവേദി തൃക്കാക്കര മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി പി. രാജീവൻ ഇന്നലെ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
സെമിത്തേരിക്ക് സ്ഥലം അനുവദിക്കണമെന്ന സെന്റ് ആന്റണീസ് പള്ളിയുടെ അപേക്ഷ കഴിഞ്ഞ നവംബറിൽ നഗരസഭാ കൗൺസിൽ തള്ളിയപ്പോൾ തന്നെ മൃതദേഹം സംസ്കരിക്കാൻ ഏതു മതവിഭാഗക്കാർക്കും ഉപയോഗിക്കാൻ ആകുംവിധം പൊതുകല്ലറ സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ രൂപരേഖയും നിയമാവലിയും തയ്യാറാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് അവഗണിച്ചാണ് സെമിത്തേരി അനുവദിക്കാൻ വീണ്ടും കൗൺസിൽ യോഗം വിളിച്ചത്. എൽ.ഡി.എഫ്. അംഗങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന.
പൊതുകല്ലറയാണ് നിർമ്മിക്കുക. ആർക്കും ഇവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിയുടെയല്ല, നഗരസഭയുടെ നിയന്ത്രണത്തിലാകും കല്ലറ. നിയമവശങ്ങൾ സെക്രട്ടറി പരിശോധിക്കും.
രാധാമണി പിള്ള
മുനിസിപ്പൽ ചെയർപേഴ്സൺ
സെമിത്തേരിക്ക് സ്ഥലം കണ്ടെത്തേണ്ടത് പള്ളിയുടെ ഉത്തരവാദിത്വമാണ്. പൊതുശ്മശാനം ഇതിനായി കൈയ്യടക്കാൻ ശ്രമിക്കുന്നതും അതിന് ആരെങ്കിലും കൂട്ടുനിൽക്കുന്നതും നെറികേടാണ്. വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്ന് കരുതരുത്. ഈ നീക്കത്തെ ചെറുക്കും. ഇല്ലെങ്കിൽ നാളെ ഇത് എല്ലായിടത്തും ആവർത്തിക്കും.
ആർ.വി.ബാബു
സംസ്ഥാന സെക്രട്ടറി
ഹിന്ദു ഐക്യവേദി