
കൊച്ചി: പത്തുരൂപ ഊണിലൂടെ കേരളമാകെ ശ്രദ്ധയാകർഷിച്ച സമൃദ്ധി @ കൊച്ചി പശ്ചിമ കൊച്ചിയിലേക്കും. കൊച്ചി കോർപ്പറേഷന് അഭിമാനമായി മാറിയ പദ്ധതി അതേ മാതൃകയിൽ ഫോർട്ട്കൊച്ചിയിലും പള്ളുരുത്തി കച്ചേരിപ്പടിയിലും ഈ സാമ്പത്തിക വർഷം ആരംഭിക്കും.
ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താൻ നടപടി പുരോഗമിക്കുകയാണ്. കോർപ്പറേഷന്റെ സ്വന്തം സ്ഥലത്താവും കേന്ദ്രങ്ങൾ ആരംഭിക്കുക. ആദ്യം ഫോർട്ട് കൊച്ചിയിൽ ആരംഭിക്കും. പിന്നീടാകും പള്ളുരുത്തിയിൽ. ഭക്ഷണ വില പിന്നീട് തീരുമാനിക്കും. പദ്ധതിക്ക് ആവശ്യമായ സഹായം പരിഗണിക്കാമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നു.
പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ആലോചനകൾ ഇനി നടക്കേണ്ടതുണ്ട്. ഡിസൈൻ, കെട്ടിടം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കണം. കുടുംബശ്രീക്ക് തന്നെയാകും നടത്തിപ്പു ചുമതല.
ഹിറ്റായ സമൃദ്ധി
രണ്ട് വർഷം മുമ്പാണ് കോർപ്പറേഷൻ സമൃദ്ധി ആരംഭിച്ചത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ലാഭം നോക്കാതെ ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായ ഭക്ഷണം വിളമ്പുന്നതാണ് സമൃദ്ധിയുടെ പ്രത്യേകത. ആദ്യം 10 രൂപയ്ക്ക് ഊണ് വിളമ്പിയ സമൃദ്ധി പിന്നീട് സർക്കാർ സബ്സിഡി നിറുത്തിയതോടെ 20 രൂപയാക്കി. പ്രഭാതഭക്ഷണം, ഉച്ചയൂണ്, കഞ്ഞി, ബിരിയാണി എന്നിവയ്ക്ക് പുറമെ ചൈനീസ് ഭക്ഷണം, കപ്പ ബിരിയാണി തുടങ്ങിയവാണ് സമൃദ്ധിയിൽ വിൽക്കുന്നത്. 3000 പേർക്കാണ് ഒരുദിവസം ഉച്ചയൂണ് വിളമ്പുന്നത്.
ചോറിനൊപ്പം ചിക്കൻ, മീൻ, ബീഫ്, ചെമ്മീൻ എന്നിവ സ്‌പെഷ്യലുണ്ട്. 40 മുതൽ 100 വരെ രൂപയാണ് വില. പിന്നീട് പ്രാതലും രാത്രി ഭക്ഷണവും തുടങ്ങി. ചായ, കാപ്പി, ദോശ, ഓംലറ്റ്, ചപ്പാത്തി എന്നിവയായിരിക്കും രാത്രിയിൽ വിളമ്പുക. വിഭവസമൃദ്ധമായ 100 രൂപയുടെ പൊതിച്ചോറും ബിരിയാണിയും വില്പന നടത്തുന്നുണ്ട്. 78 കുടുംബശ്രീ വനിതകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇനി 24 മണിക്കൂർ പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
കൊച്ചിയിൽ സമൃദ്ധി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തുക കണ്ടെത്തുന്നതിനെ പറ്റിയുള്ള ചർച്ചകളാണ് ആദ്യം. ഈ സാമ്പത്തിക വർഷം തുടങ്ങാനാണ് കോർപ്പറേഷന്റെ ലക്ഷ്യം
എം. അനിൽകുമാർ
മേയർ