കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ അപകട സാഹചര്യമുണ്ടായാൽ നടപടി സ്വീകരിക്കാൻ പ്രത്യേക പ്രവർത്തന മാനദണ്ഡം തയ്യാറാക്കണമെന്ന് മന്ത്രി പി. രാജീവ് ദുരന്തനിവാരണ വിഭാഗത്തിന് നിർദ്ദേശം നൽകി. തീപിടിത്തം ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
കളക്ടർ എൻ.എസ്.കെ ഉമേഷ്, കോർപ്പറേഷൻ സെക്രട്ടറി ചെൽസ സിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, ഫയർ, പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി പി. രാജീവും മേയർ എം. അനിൽകുമാറും ഓൺലൈനായും പങ്കെടുത്തു.
നിർദ്ദേശങ്ങൾ:
* അപകട സാഹചര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥരെ ബന്ധപ്പെടണം, ഓരോരുത്തരുടെയും ചുമതല തുടങ്ങിയവ പ്രവർത്തന മാനദണ്ഡത്തിലുണ്ടാകണം.
* ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
* പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുമായി ചേർന്ന് അനുബന്ധസൗകര്യങ്ങൾ വിലയിരുത്തണം.
* മുൻകരുതൽ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണം.
കൊച്ചി കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ
* പ്ലാന്റിൽ പത്ത് ഫയർ ഹൈഡ്രന്റുകളും മൂന്ന് ഫയർ മോണിറ്ററുകളും സജ്ജമാക്കി
* ഉൾഭാഗത്തേക്കുള്ള റോഡുകൾ ബലപ്പെടുത്തുന്നതിന് 25 ലക്ഷം ചെലവഴിക്കും. * ഫയർ ഹൈഡ്രന്റ് അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത രണ്ടാഴ്ചകൂടുമ്പോൾ പരിശോധിക്കും.
* പ്ലാന്റിൽ പുതിയ ജനറേറ്റർ സ്ഥാപിക്കും.
* ഒരുലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർടാങ്ക് മൂന്ന് ദിവസത്തിനകം സ്ഥാപിക്കും.
* രാവിലെ 11 മുതൽ 2 വരെയുള്ള സമയത്ത് വെള്ളം നനയ്ക്കൽ ഊർജ്ജിതമാക്കും.