വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിൽ ബഡ്ജറ്റ് സമ്മേളനത്തിൽ അംഗങ്ങൾക്കുംജീവനക്കാർക്കും ഗിഫ്റ്റ് വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻപഞ്ചായത്ത് അംഗം സി.ജി. ബിജു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലും ജില്ലാ ഓഫീസിലും പരാതി നൽകി. 3 ലിറ്ററിന്റെ പ്രഷർ കുക്കറാണ് നല്കിയത്. ഇതിന്റെ പേരിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും പണപ്പിരിവ് നടത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.

ഗിഫ്റ്റ് വിതരണം നടത്തിയത് പ്രസിഡന്റ് രസികല പ്രിയരാജ് സ്ഥിരീകരിച്ചു. ഈ രീതി എല്ലാ പഞ്ചായത്തുകളിലും പതിവുള്ളതാണ്. പഞ്ചായത്ത് ഫണ്ടിൽനിന്ന് ഇക്കാര്യത്തിന് പണം ചെലവഴിക്കാൻ നിയമം അനുവദിക്കാത്തതിനാൽ സ്‌പോൺസർഷിപ്പ് വഴി തുക കണ്ടെത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.

പണപ്പിരിവ് നടത്തിയത് പിന്നീടാണ് അറിഞ്ഞതെന്നും അതിനാൽ പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും ഇന്ന് ഗിഫ്റ്റ് പ്രസിഡന്റിനെ തിരിച്ചേൽപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് ബിന്ദു വേണു വ്യക്തമാക്കി.