നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് അനധികൃത പണവും വിദേശ കറൻസിയും സ്വർണവും പിടികൂടി. കോലാലംപൂരിലേയ്ക്ക് പോകാനെത്തിയ തമിഴ്‌നാട് സ്വദേശിയുടെ പക്കൽനിന്ന് 14 ലക്ഷം രൂപയും 1.25 ലക്ഷം രൂപയുടെ മൂല്യംവരുന്ന വിദേശ കറൻസിയുമാണ് സി.ഐ.എസ്.എഫ് പിടികൂടിയത്. ഇയാളെ കസ്റ്റംസിന് കൈമാറി.
ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഉമ്മർ ഫാറൂഖ്, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ബഷീർ എന്നിവരിൽനിന്നാണ് 1.20 കോടി രൂപയുടെ 2.005 കിലോ സ്വർണം പിടികൂടിയത്. ഉമ്മർ ഫാറൂഖ് അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം അറയുണ്ടാക്കി 1.051 കിലോ സ്വർണമിശ്രിതവും ബഷീർ കാപ്‌സ്യൂൾ രൂപത്തിൽ 954 ഗ്രാം സ്വർണമിശ്രിതവും ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.