niakochi

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കൊച്ചി യൂണിറ്റിന്റെ കളമശേരി എച്ച്.എം.ടിക്ക് സമീപത്തെ സ്വന്തം ഓഫീസ് സമുച്ചയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് ഉദ്ഘാടനം.

എൻ.ഐ.എയുടെ സൗത്ത് ഇന്ത്യ തലവൻ ഐ.ജി. സന്തോഷ് റസ്‌തോഗി, ഡി.ഐ.ജി കാളിരാജ് മഹേഷ്, കൊച്ചി യൂണിറ്റ് എസ്.പി വിഷ്‌ണു എസ്. വാര്യർ തുടങ്ങിയവർ കളമശേരിയിലെ ചടങ്ങിൽ പങ്കെടുക്കും. ഏതാനും ദിവസങ്ങൾക്കകം പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറ്റും. കടവന്ത്ര ഗിരിനഗറിലെ വാടകക്കെട്ടിടത്തിലാണ് എൻ.ഐ.എ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നത്. കേരളം, ലക്ഷദ്വീപ് എന്നിവയാണ് കൊച്ചി ഓഫീസിന്റെ അധികാരപരിധി.

ഡൽഹിക്ക് ശേഷം എൻ.ഐ.എ സ്വന്തമായി നിർമ്മിക്കുന്ന ഓഫീസ് സമുച്ചയം പൂർത്തിയായത് കേരളകൗമുദി ഈമാസം മൂന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നേക്കർ സ്ഥലത്ത് പ്രധാന ഓഫീസിന് പുറമെ, ബാരക്കുകൾ, കമ്മ്യൂണിറ്റി ഹാൾ, ഭവനസമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.