leela-
ലീല താമസിച്ചിരുന്ന താത്കാലിക ഷെഡ് പൊളിച്ചനിലയിൽ

പറവൂർ: ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതിനെ തുടർന്ന് തെരുവിലായ പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ലീല (56) താമസിച്ചിരുന്ന താത്കാലിക ഷെഡും പൊളിച്ചു. സംഭവത്തിൽ സഹോദരപുത്രൻ രമേഷിനെതിരെ ലീല പറവൂർ പൊലീസിൽ പരാതി നൽകി.

ലീല താമസിച്ചിരുന്ന വീട് കഴിഞ്ഞ ഒക്ടോബറിൽ രമേഷ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത് വാർത്തയായിരുന്നു. അന്തിയുറങ്ങാൻ ഇടമില്ലാതായ ലീലയ്ക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിലാണ് താത്കാലിക ഷെഡ് ഒരുക്കിയത്. ഈ ഷെഡാണ് ഇന്നലെ പൊളിച്ചത്.

കഴിഞ്ഞ അഞ്ച് മാസമായി ഇവിടെയാണ് ലീല താമസിച്ചിരുന്നത്. കുടുംബസ്വത്തായ ഏഴ് സെന്റിൽ രമേഷിന്റെ പിതാവിന്റെ ഒഴികെ മറ്റു സഹോദരങ്ങളുടെ വീതം ലീലയ്ക്ക് നൽകിയിരുന്നു. ഇതിൽ ആറുസെന്റിൽ ലീലയ്ക്കായി ടൗൺ മർച്ചന്റ്സ് അസോസിയേഷൻ വീട് നിർമ്മിക്കുന്നുണ്ട്. തറ നിർമ്മാണം പൂർത്തിയായി. ഷെഡ് പൊളിച്ചതിനെത്തുടർന്ന് ലീല ബന്ധുവിന്റെ വീട്ടിൽ അഭയം തേടി.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് അന്വേഷണ കമ്മിഷൻ എത്തുമ്പോൾ ഇവിടെ ആരും താമസിച്ചിരുന്നില്ലെന്ന് വരുത്തുവാനാണ് താത്കാലിക ഷെഡ് പൊളിച്ചതെന്നാണ് നിഗമനം.