കൊച്ചി: കിൻഫ്ര നടപ്പാക്കുന്ന ജലവിതരണ പദ്ധതിയിലെ 80 ശതമാനം ജലവും വ്യക്തിഗത ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുകയെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 ശതമാനം ജലം മാത്രമാണ് വ്യവസായിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതിയുടെ പൈപ്പിടൽ നിലച്ചിരുന്നു. പെരിയാറിൽ ആലുവ തോട്ടുംമുഖത്ത് നിന്നാരംഭിക്കുന്ന പദ്ധതി കാക്കനാട്ടെ കിൻഫ്ര പാർക്കിലാണ് അവസാനിക്കുന്നത്. കിൻഫ്രക്ക് പുറമെ ഇൻഫോപാർക്കിനും വേണ്ടിയുള്ള പദ്ധതി നടപ്പാക്കാതിരുന്നാൽ സംരംഭങ്ങൾ കൊച്ചി വിടാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജല അതോറിറ്റിയുടെ 190 എം.എൽ.ഡി പദ്ധതിക്ക് കളമശേരിയിൽ കിൻഫ്ര സ്ഥലം വിട്ടുനൽകിയില്ലെന്ന ആരോപണം ശരിയല്ല. സ്ഥലം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് തുടരുന്നതിനാലാണ് വിട്ടുനൽകാൻ കഴിയാത്തത്.
കടമ്പ്രയാറിൽ ജലദൗർലഭ്യം അനുഭവപ്പെടുന്നതിനാലാണ് പെരിയാറിൽ നിന്നുള്ള പദ്ധതി ആവിഷ്‌കരിച്ചത്. നാല് എം.എൽ.ഡിയിൽ കൂടുതൽ വെള്ളം ലഭിക്കുന്നില്ല. വേൽക്കാലത്ത് പമ്പിംഗ് നിറുത്തേണ്ട സാഹചര്യവുമുണ്ട്.
ഇൻഫോപാർക്കിലെ ഐ.ടി കമ്പനികൾ ജലദൗർലഭ്യം മൂലം മാറാൻ തീരുമാനിച്ചാൽ സംസ്ഥാനത്തിനുണ്ടായേക്കാവുന്ന നഷ്ടം വലുതാണ്. കുടിവെള്ള പദ്ധതികൾക്കു മുൻഗണന നൽകിയും ജലലഭ്യത ഉറപ്പുവരുത്തിയുമാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. പെരിയാറിൽ ജല അതോറിറ്റിയിടേയും ജലസേചന വകുപ്പിന്റെയും കിൻഫ്രയുടെയും ആവശ്യങ്ങൾ കഴിഞ്ഞും 1,043 ദശലക്ഷത്തോളം ലിറ്റർ ജലം ബാക്കിയുണ്ടാവുമെന്നാണ് ജലവിഭവ വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയതെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, കിൻഫ്ര ജനറൽ മാനേജർ അമ്പിളി എന്നിവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണി വേഗത്തിൽ ആരംഭിക്കണം
കിൻഫ്രയുടെ പദ്ധതിയിൽ പൊതുമരാമത്ത് റോഡിൽ 14.5 കിലോമീറ്ററോളം പൈപ്പിടേണ്ടതിൽ 280 മീറ്ററാണ് പൂർത്തിയായത്. എത്രയുംപെട്ടെന്ന് പണി ആരംഭിച്ചാലേ 2025 ഡിസംബറോടെ പൈപ്പിടൽ പൂർത്തിയാകൂ. റോഡ് പുന:സ്ഥാപനത്തിനായി 5.40 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടുണ്ട്. 25 കോടിയോളം രൂപ പൈപ്പ് ഇടാനും പമ്പിംഗ് സ്റ്റേഷൻ നിർമ്മിക്കുന്നതിനുമായി കിൻഫ്ര ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കിൻഫ്ര കുടിവെള്ള പദ്ധതി
45 ദശലക്ഷം ലിറ്റർ (എം.എൽ.ഡി)വെള്ളം പ്രതിദിനം ലഭ്യമാക്കുന്നതാണ് പദ്ധതി.
2026 ലേ വെള്ളം അടിച്ചുതുടങ്ങുകയുള്ളു. തുടക്കത്തിൽ 10 എം.എൽ.ഡിയാണ് ഉപയോഗിക്കുക.
2050 ലാണ് 45 എം.എൽ.ഡി വേണ്ടിവരുക.
മറ്റു ജലപദ്ധതികളെ കിൻഫ്ര പദ്ധതി ബാധിക്കില്ല.
80 ശതമാനം ജലവും വ്യക്തിഗത ആവശ്യങ്ങൾക്ക്
20 ശതമാനം വ്യവസായിക ആവശ്യങ്ങൾക്ക്