kothamangalum
വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച്

കോതമംഗലം: കോതമംഗലം താലൂക്കിന്റെ വിവിധ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ റാലിയും സമ്മേളനവും നടത്തി. കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തുനിന്ന് നൂറു കണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ജോണി കെ.ജോർജ് വനനിയമങ്ങളെക്കുറിച്ച് സംസാരിച്ചു.

യൂണിയൻ സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിൽ അംഗങ്ങളായ പി.വി. വാസു, എം.വി. രാജീവ്, ടി.ജി. അനി, കെ.വി. ബിനു, യൂത്ത് മൂവ്മെന്റ് ജില്ലെ ചെയർമാൻ എം.ബി. തിലകൻ, വനിതാസംഘം സെക്രട്ടറി മിനി രാജീവ്, സൈബർസേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ. ചന്ദ്രബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, ശാഖാഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.