ആലുവ: ലക്ഷക്കണക്കിന് പക്ഷികൾക്ക് അതിജീവനം സാദ്ധ്യമാക്കിയ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന്റെ 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി 12 -ാം വർഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞവർഷം വരെ 1,37,000 മൺപാത്രങ്ങൾ സംസ്ഥാനത്തിനകത്തും പുറത്തുമായി ഇദ്ദേഹം വിതരണം ചെയ്തുകഴിഞ്ഞു.
2022ൽ വിതരണം ഒരുലക്ഷം തികഞ്ഞപ്പോൾ പ്രധാനമന്ത്രി മൻകി ബാത്തിലൂടെ ശ്രീമൻ നാരായണന്റെ പ്രവർത്തനത്തെ പ്രശംസിച്ചത് പദ്ധതിയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഒരുലക്ഷം തികഞ്ഞ മൺപാത്രം കഴിഞ്ഞ ജനുവരി 17ന് നാരായണൻ പ്രധാനമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചു. പാത്രം തന്റെ ബംഗ്ലാവിനുമുന്നിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ കൂടുതൽ വ്യക്തികളും പ്രസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കാൻ മുന്നോട്ടുവരുന്നുണ്ട്.
വർഷംതോറും പതിനായിരം മൺപാത്രങ്ങൾ വിതരണം ചെയ്തത് 16,000 ആയിട്ടും തികയാത്ത അവസ്ഥയിലെത്തി. ഇത്തവണ കാസർകോട് മുതൽ കന്യാകുമാരിവരെ പാത്രങ്ങൾ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
സംസ്ഥാനതല ഉദ്ഘാടനം 18ന്
മൺപാത്ര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകിട്ട് 5.30ന് എറണാകളം ശിവക്ഷേത്ര സന്നിധിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. ശ്രീമൻ നാരായണൻ, പ്രൊഫ. എം.കെ. സാനു, ഡോ.വി.പി. ഗംഗാധരൻ, എം.ബി. മുരളീധരൻ, തെരുവോരം മുരുകൻ തുടങ്ങിയവർ പങ്കെടുക്കും.