കോലഞ്ചേരി: തോന്നിക്കയിലും കിങ്ങിണിമറ്റത്തും കതിരു വിളഞ്ഞപ്പോൾ കർഷകർക്ക് ഇരുട്ടടിയായി നെൽക്കൃഷി വെള്ളത്തിലായി. പെരിയാർ വാലി കനാലിൽനിന്ന് അമിതമായി വെള്ളം ഒഴുകിയെത്തിയതാണ് രണ്ടിടങ്ങളിലും പാടശേഖരങ്ങളെ വെള്ളക്കെട്ടിലാക്കിയത്. വിളവെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കുമ്പോഴാണ് ഈ ദുസ്ഥിതി. പെരിയാർവാലി കനാലിൽനിന്നുള്ള വെള്ളം തൊട്ടടുത്ത വലിയ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. കാടുവളർന്നും ചെളിനിറഞ്ഞും തോടിന്റെ നീരൊഴുക്ക് സുഗമമല്ല. ഇതാണ് വെള്ളക്കെട്ടിന്റെ രൂക്ഷത വർദ്ധിപ്പിച്ചത്. കനാൽവെള്ളം നിയന്ത്രിച്ചാലെ തോട്ടിൽനിന്നുവരുന്ന വെള്ളത്തിന്റെ അളവ് കുറയുകയുള്ളൂ. കടുത്ത വേനലിൽ വെള്ളം തുറന്നുവിടാതിരുന്നാൽ മറ്റു മേഖലയിലെ കർഷകർക്ക് പ്രശ്നമാകുമെന്നാണ് പെരിയാർവാലി അധികൃതർ പറയുന്നത്.
* കൊയ്ത്ത് പ്രശ്നമാകും
ഏക്കർ കണക്കിന് സ്ഥലമാണ് കൊയ്തെടുക്കാനുള്ളത്. ഇവിടെ യന്ത്ര സഹായമില്ലാതെ കൊയ്ത്ത് നടക്കില്ല. കൊയ്ത്ത്, മെതിയന്ത്രം പാടത്ത് ഇറക്കണമെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കണം. അല്ലെങ്കിൽ യന്ത്രം താഴ്ന്നു പോകും. അത്തരം പാടശേഖരങ്ങളിൽ യന്ത്രം ഇറക്കാൻ ഉടമകൾ തയ്യാറാകില്ല.
കൊയ്തിന് ആളെ കിട്ടാനുമില്ല. ഭായിമാരുടെ സഹായം തേടണമെങ്കിൽ യന്ത്രത്തിനേക്കാൾ തുകയും ചെലവാകും. വരനെല്ല്, കൂരനെല്ല് തുടങ്ങിയ കളകളുടെയും കീടശല്യവും അതിജീവിച്ച് വിളവെടുക്കാറായപ്പോൾ എത്തിയ വെള്ളം കർഷകരെ "വെള്ളം" കുടിപ്പിക്കുകയാണ്.
കിങ്ങിണിമറ്റം പാടശേഖരത്തിലും സമാന പ്രശ്നമുണ്ട്. ഒരാഴയ്ക്കുള്ളിൽ വിളവെടുപ്പിന് തയ്യാറാകേണ്ടതാണ്. പാടത്ത് വെള്ളം നിറഞ്ഞ സ്ഥിതിയാണ്.
പലരും പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. സമയത്ത് കൊയ്ത്ത് നടന്നില്ലെങ്കിൽ നെല്ല് അടിഞ്ഞുപോകും. അടിഞ്ഞുവീണ നെല്ല് കൊയ്തെടുക്കൽ ദുഷ്കരമാണ്. കൃഷിക്കുവേണ്ടി സ്വർണപ്പണയ വായ്പയടക്കമെടുത്താണ് പലരും കൃഷിയിറക്കിയത്.
കനാൽവെള്ളം നിയന്ത്രിച്ച് നെൽകർഷകരെ സഹായിച്ചില്ലെങ്കിൽ ഭാരിച്ച നഷ്ടമുണ്ടാകും. മുൻ വർഷങ്ങളിലൊന്നും സംഭവിക്കാത്ത പ്രശ്നമാണിത്. പാടശേഖരങ്ങൾക്ക് സമീപത്തെ തോടുകളിലെ ചെളി കോരിമാറ്റി ആഴം വർദ്ധിപ്പിക്കണം.
ബിജുകുമാർ, യുവ കർഷകൻ തോന്നിക്ക
പെരിയാർവാലി ഓഫീസിൽ വിളിച്ചറിയച്ചപ്പോൾ ജലക്ഷാമംകൊണ്ട് പൊറുതിമുട്ടിയ മേഖലയിലേക്ക് വെള്ളമെത്തിക്കാനാണ് ശ്രമമെന്നായിരുന്നു മറുപടി. കൊയ്തെടുക്കും വരെയെങ്കിലും കനാൽ വെള്ളം നിയന്ത്രിക്കാൻ നടപടി വേണം
ജീന, നെൽകർഷക, കിങ്ങിണിമറ്റം