പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിലെ ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം ഇന്ന് നടത്തും. അപൂർവ താളിയോലഗ്രന്ഥങ്ങൾ, ഫോസിലുകൾ, നന്നങ്ങാടികൾ, പ്രാചീന കാർഷികോപകരണങ്ങൾ, കളരി ആയുധങ്ങൾ, നാണയങ്ങൾ, ചീനഭരണികൾ തുടങ്ങിയവ പ്രദർശനത്തിന്റെ ആകർഷണങ്ങളാണ്. വിദ്യാർത്ഥികൾ ഒരുക്കിയ ഇടയ്ക്കൽ ഗുഹയുടെ മാതൃകയും പുരാവസ്തു ശേഖരവുമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ക്രമീകരിച്ചിട്ടുള്ള ഈ പ്രദർശനത്തിന്റെ ഉദ്ഘാടനവും സമ്മേളനവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. പി. ശിവദാസൻ നിർവഹിക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യം.