കൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദ്ദിഷ്ട ഭൂമി നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന് ഒരു മാസത്തിനുള്ളിൽ കൈമാറും. ഭൂമി വിലയായി 23.06 കോടി രൂപ ആർ.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകും. ഭൂമി ലഭ്യമാക്കിയതിന് പകരമായി ധാരണപ്രകാരം എച്ച്.എം.ടി - എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. ഭൂമി ലഭ്യമാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നുവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സീപോർട്ട്- എയർപോർട്ട് നിർമാണത്തിലെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.


നടപടികൾ ആരംഭിച്ചു

* ഭാരത് മാത കോളേജ് - കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കുന്നത്

* എച്ച്.എം.ടി ഭൂമി കൈമാറ്റത്തിന്റെ തുടർനടപടികൾ വേഗത്തിലാക്കുന്നത്.

* എച്ച്.എം.ടി ഭൂമിക്കായി 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ സുപ്രീം കോടതിയുടെ അനുമതി തേടി

* ഭൂമി അളക്കാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക ബോർഡ് വരും

* എച്ച്.എം.ടി - എൻ.എ.ഡി തൊരപ്പ് റോഡ് വീതി കൂട്ടാനുള്ള പ്രവർത്തികൾ ഉടൻ