വിവാദ നാടകം: നടപടി അവസാനിപ്പിച്ചു
കൊച്ചി: കലാസൃഷ്ടികളോടുള്ള അസഹിഷ്ണുത ഒഴിവാക്കേണ്ടതാണെന്നും ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമായിരിക്കുമെന്നും ഹൈക്കോടതി.
കൊച്ചിൻ കാർണിവലിൽ 'ഗവർണറും തൊപ്പിയും" എന്ന നാടകം അവതരിപ്പിക്കുന്നത് തടഞ്ഞ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ നാടകപ്രവർത്തകരുടെ സംഘടനയായ 'നാടക് " നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
ക്രമസമാധാന പ്രശ്‌ന സാദ്ധ്യതയുള്ളതിനാലാണ് തടഞ്ഞതെന്ന സർക്കാർ വിശദീകരണം കോടതി അംഗീകരിച്ചു. ഡിസംബറിൽ നടന്ന കാർണിവലിൽ അവതരിപ്പിക്കാനിരുന്ന നാടകം ഗവർണറെ അപമാനിക്കാനാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് തടഞ്ഞത്. ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നവർക്കെതിരെ ചില പരാമർശങ്ങളുണ്ടെന്നും ആൾക്കൂട്ടത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്നും നാടകത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച കാർണിവൽ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടതായും സർക്കാർ ബോധിപ്പിച്ചു.
കേരള ഗവർണറുമായി നാടകത്തിനു ബന്ധമില്ലെന്നും ജർമ്മൻ സാഹിത്യകാരൻ ഫെഡറിക് ഷില്ലറുടെ കൃതിയെ ആസ്പദമാക്കിയുള്ള നാടകത്തിലെ കേന്ദ്രകഥാപാത്രത്തിനു യോജിച്ച രീതിയിലാണ് പേരിട്ടതെന്നും ഹർജിക്കാർ ബോധിപ്പിച്ചു.