ashik
ആഷിക്

നെടുമ്പാശേരി: വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി കാലടി കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക്കിനെ (26) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയിൽ നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

2023 ഏപ്രിൽ മുതൽ ഇയാളെ ആറ് മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നതാണ്. കാലാവധിക്കുശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ ഇപ്രാവശ്യം ഇയാൾ ഒരുവർഷംവരെ ജയിലിൽ കഴിയേണ്ടിവരും. കാലടി പൊലീസ് ഇൻസ്‌പെക്ടർ കെ. ഷിജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ജെ. ജോബി, റോജോമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.പി. അനിൽകുമാർ എന്നിവര ടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.