കൊച്ചി: സിറോ മലബാർ സഭയുടെ മൂന്നു പള്ളികളിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ സഭാ നേതൃത്വം അംഗീകരിച്ച സിനഡ് കുർബാന മാത്രമേ അർപ്പിക്കുവാൻ പാടുള്ളൂവെന്ന് എറണാകുളം ഒന്നാം അഡിഷണൽ മുൻസിഫ് കോടതി ഉത്തരവായി. നേരത്തയുള്ള താത്കാലിക ഇൻജംഗ്ഷൻ സ്ഥിരപ്പെടുത്തുകയായിരുന്നു.
പാലാരിവട്ടം സെന്റ് മാർട്ടിൻസ് പള്ളി, തൃപ്പൂണിത്തുറ ഫൊറോന പള്ളി, ഗാന്ധിനഗർ മാതാനഗർ പള്ളി എന്നിവിടങ്ങളിലാണ് വിലക്ക്. കുർബാന തർക്കത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക, എളംകുളം ലിറ്റിൽ ഫ്ളവർ ചർച്ച്, കണ്ടനാട് പള്ളി, കളമശേരി സോഷ്യൽ പള്ളി എന്നീ ആരാധനാലയങ്ങൾ സംബന്ധിച്ച സമാന കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.
സിറോ മലബാർ സഭ, പള്ളി വികാരിമാർ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയവരെ എതിർകകക്ഷികളാക്കി ഏതാനും വിശ്വാസികൾ അഡ്വ. പി.ജി. ജയശങ്കർ മുഖേനയാണ് ഹർജികൾ സമർപ്പിച്ചത്.