
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് വിദ്യാർത്ഥി - യുവജന പ്രവർത്തകരെ തെരുവിൽ തല്ലിച്ചതച്ച സർക്കാരിനോട് തിരഞ്ഞെടുപ്പിലൂടെ പകരം വീട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ്. ഇക്കുറി 20 സീറ്റും തൂത്തുവാരുമെന്നും സതീശൻ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരും കേരള സർക്കാരും അണ്ണനും തമ്പിയും പോലെയാണ്. മുഖ്യമന്ത്രിക്കെതിരായ ലാവ്‌ലിൻ കേസ് സി.ബി.ഐ 38 തവണ മാറ്റിവയ്പ്പിച്ചത് ഒരു ഉദാഹരണം മാത്രം.
ഇന്ത്യയിൽ ബി.ജെ.പി ഇത്തവണ പരുങ്ങലിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ സീറ്റുകളുള്ള ബിഹാറിലും ഉത്തർപ്രദേശിലും വലിയമാറ്റമുണ്ടാകും. മോദിഭരണം ജനങ്ങൾക്ക് മടുത്തു. പൗരത്വം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാതിരിക്കാൻ കോൺഗ്രസ് ഭരണം മാത്രമാണ് മറുപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൺവെൻഷനിൽ മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ പി.ജെ. ജോസഫ്, കെ. ബാബു, അനൂപ് ജേക്കബ്, ജെബി മേത്തർ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, റോജി എം. ജോൺ, യു.ഡി.എഫ്. നേതാക്കളായ ഷിബു തെക്കുംപുറം, എ.എൻ. രാജൻബാബു, രാഹുൽ മാങ്കൂട്ടത്തിൽ, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർമാരെ നേരിൽ കണ്ട്
എൽ.ഡി.എഫ് സ്ഥാനാർത്ഥി
കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജ. ഷൈൻ ഇന്നലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. മരട് കൊട്ടാരം ഭഗവതി ക്ഷേത്രം, കാമോത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഉദയംപേരൂരിൽ ചുമട്ടു തൊഴിലാളി യൂണിയൻ അംഗങ്ങളെയും സന്ദർശിച്ച് വോട്ട് തേടി.
ഇന്ന് കൊച്ചിൻ ഫിഷറീസ് ഹാർബർ, തോപ്പുംപടി, മുണ്ടംവേലി, നസ്രത്ത് എന്നിവിടങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് കൊച്ചിൻ കോളേജിലും ശേഷം ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി എന്നിവിടങ്ങളിലുമാണ് കെ.ജെ. ഷൈന്റെ പ്രചാരണം.
രാജ്യത്തിന്റെ മതനിരപേക്ഷതയക്കും ഐക്യത്തിനുമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നും രാജ്യത്തെ വർഗീയ വത്കരിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും കെ.ജെ. ഷൈൻ പറഞ്ഞു. കേന്ദ്രം കടുത്ത അവഗണന സംസ്ഥാനത്തോട് കാണിക്കുമ്പോഴും ജനങ്ങളെ ചേർത്തുപിടിക്കുന്ന ജനക്ഷേമ തത്പരമായ നിലപാടാണ് കേരളത്തിലെ സർക്കാർ പുലർത്തുന്നതെന്നും അവർ പറഞ്ഞു.