
കാക്കനാട്: വഴി നീളെ മാലിന്യവും മലിനജലവും വീഴ്‌ത്തി ബ്രഹ്മപുരം പ്ളാന്റിലേക്ക് സർവീസ് നടത്തിയിരുന്ന കൊച്ചി കോർപ്പറേഷന്റെ നാല് മാലിന്യവണ്ടികൾ ഇന്നലെ രാവിലെ അഗ്നിശമന സേന തടഞ്ഞു. പിന്നാലെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് നഗരസഭയുടെ ഗ്രൗണ്ടിലേക്ക് മാറ്റി. ലോറികളിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. ലോറികളിൽ നിന്നുള്ള മാലിന്യത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇൻഫോപാർക്കിലെ ജീവനക്കാർ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന പ്രധാന വഴിയിലാണിത്. ഓരോ തവണ വാഹനം തെന്നി വീഴുമ്പോഴും നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവർ വന്ന് മാലിന്യം കഴുകി റോഡ് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുകയുമാണ് ചെയുന്നത്. ഒടുവിൽ ഗതികെട്ടാണ് ഇന്നലെ അവർ കാക്കനാട് സിഗ്നലിനു സമീപം മാലിന്യവണ്ടികൾ തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞിട്ടതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരുമെത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൃക്കാക്കര ഹെൽത്ത് ഇൻസ്‌പെക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് വാഹനങ്ങൾ പിടിച്ചെടുത്തത്.