
കൊച്ചി: സംസ്ഥാന യുവജന കമ്മിഷന്റെ 2023-24ലെ യൂത്ത് ഐക്കൺ പുരസ്‌കാരങ്ങൾ മന്ത്രി പി. രാജീവ് വിതരണം ചെയ്തു. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, കായികതാരം ആൻസി സോജൻ, യുവ എഴുത്തുകാരൻ കെ. അഖിൽ, യുവകർഷകൻ അശ്വിൻ പരവൂർ, സംരംഭകൻ കെ.വി. സജീഷ്, സാമൂഹിക സേവകൻ ശ്രീനാഥ് ഗോപിനാഥൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
യുവജന കമ്മിഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. 'കിഡ്‌നാപ്പ്" സംവിധായകൻ നൗഷാദ് ഇബ്രാഹിം, 'പരിണാമം" സംവിധായകൻ ശ്രീജു ശ്രീനിവാസൻ, 'ഭ്രമം" സംവിധായകൻ എ.വിഷ്ണു എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ.ആർ. രാഹുൽ, ഗ്രീഷ്മ അജയഘോഷ്, പി.സി. ഷൈജു, അബേഷ് അലോഷ്യസ്, സെക്രട്ടറി ഡാർളി ജോസഫ്, ജില്ലാ കോഓർഡിനേറ്റർ കെ.വി. കിരൺ രാജ്, യുവജന ക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ എ.ആർ. രഞ്ജിത്ത്, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷജിലാ ബീവി തുടങ്ങിയവർ പങ്കെടുത്തു.