കൊച്ചി: സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ച് എറണാകുളം ജില്ല മുന്നിൽ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തിനിടെ ജില്ലയിൽ 24,466 സംരംഭങ്ങളാണ് ആരംഭിച്ചത്. 2,176 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി ലഭിച്ചത്. 58,994 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

ഇതുവരെ 10,338 സംരംഭങ്ങളാണ് ജില്ലയിൽ ആരംഭിച്ചത്. 1,326 എണ്ണം ഉത്പാദന മേഖലയിലും 4,516 സേവനമേഖലയിലും 4,496 കച്ചവട മേഖലയിലുമാണ്. 28 മേഖലകളിലായി നടപ്പു സാമ്പത്തികവർഷം 10,338 സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചു. 2023-24 ൽ തുടങ്ങിയ 10,338 സംരംഭങ്ങളിൽ 3,353 എണ്ണം വനിതാ സംരംഭകർ ആരംഭിച്ചവയാണ്. 9,099 സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും കഴിഞ്ഞു.
സംരംഭകവർഷം 2.0 യുടെ ഭാഗമായി 2023-24ൽ കേരളത്തിൽ 1,00,257 സംരംഭങ്ങൾ ആരംഭിച്ചു. ഇതുവഴി 6,724 കോടി രൂപയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചു. 2,10,149 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

സർക്കാരിന്റെ നിക്ഷേപ സൗഹൃദ നടപടികളുടെയും വ്യവസായ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ശ്രമഫലമാണ് നേട്ടമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് അറിയിച്ചു.