ആലുവ: ആലുവ നഗരത്തിൽ കൊച്ചി മെട്രോയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ ഒരുഭാഗത്ത് നടപ്പാത നിർമ്മാണം പുരോഗമിക്കുമ്പോൾ മറുഭാഗത്ത് കച്ചവടക്കാർ ഫുട്പാത്ത് കൈയേറുന്നു. നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിലും ഭാഗികമായി പൂർത്തിയായ ഭാഗത്തുമെല്ലാം കച്ചവടക്കാർ നടപ്പാത കൈയടക്കുകയാണ്.
കെട്ടിട നിർമ്മാണച്ചട്ടം പ്രാബല്യത്തിലാകും മുമ്പ് റോഡിനോട് ചേർന്ന് നിർമ്മിച്ച കെട്ടിടങ്ങളിലെ കച്ചവടക്കാരെല്ലാം പുതുക്കിപ്പണിത നടപ്പാതകളിൽ സാധനസാമഗ്രികൾ പ്രദർശിപ്പിക്കുകയാണ്. ഇതുമൂലം കാൽനട യാത്രികർ റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ടിവരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലാണ് വ്യാപകമായി കച്ചവടക്കാർ നടപ്പാത കൈയടക്കിയിട്ടുള്ളത്. ബാങ്ക് കവലയിലും കൈയേറ്റമുണ്ട്. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ ഒരു കച്ചവടക്കാരൻ വലിയ സൂട്ട്കേസുകളും ബാഗുകളും മറ്റും നടപ്പാതയിലേക്ക് പൂർണമായി ഇറക്കിവച്ചിട്ടും അധികാരികൾ കണ്ടഭാവം നടിക്കുന്നില്ല.
ആലുവ മെട്രോ സ്റ്റേഷൻ മുതൽ പാലസ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, തൈനോത്തിൽ റോഡ് ഭാഗങ്ങളിൽ കൊച്ചി മെട്രോയും റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, സബ് ജയിൽ റോഡ്, ജില്ലാ ആശുപത്രി, സീനത്ത് എന്നിവിടങ്ങളിൽ പി.ഡബ്ല്യു.ഡിയുമാണ് നടപ്പാത നിർമ്മിക്കുന്നത്. മെട്രോഅധികൃതർ ഗ്രാനൈറ്റ് വിരിച്ചും പി.ഡബ്ല്യു.ഡി ടൈൽ വിരിച്ചുമാണ് നടപ്പാത മനോഹരമാക്കുന്നത്. ഇവിടെയാണ് കച്ചവടക്കാരുടെ കൈയേറ്റം. നടപ്പാത വിഷയത്തിൽ നഗരസഭ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടാൻ പോലും നഗരസഭ തയ്യാറാകുന്നില്ല.
അശാസ്ത്രീയമെന്ന് ആക്ഷേപം
വീതി കുറഞ്ഞ റോഡുകളിൽ വീതി കൂടിയ നടപ്പാതകളും കാൽനടക്കാർ കുറഞ്ഞ സ്ഥലങ്ങളിൽ വീതി കൂടിയ നടപ്പാതകളുമാണ് പി.ഡബ്ല്യു.ഡി നിർമ്മിക്കുന്നതെന്ന് ആക്ഷേപമുണ്ട്.