കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ )യുടെ കൊച്ചിയിലെ സ്വന്തം ഓഫീസ് സമുച്ചയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കടവന്ത്രയിലെ വാടക കെട്ടിടത്തിലെ പ്രവർത്തനങ്ങൾ ഒരുമാസത്തിനകം കളമശേരി എച്ച്.എം.ടിക്ക് സമീപത്തെ പുതിയ ഓഫീസിലേക്ക് മാറ്റും.
ഡൽഹിയിൽ നിന്ന് ഓൺലൈനായി നടത്തിയ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ്‌കുമാർ ഭല്ലയും പങ്കെടുത്തു. കളമശേരിയിലെ ചടങ്ങിൽ എൻ.ഐ.എ ദക്ഷിണേന്ത്യ ഐ.ജി. സന്തോഷ് റോസ്‌തഗി, ഡി.ഐ.ജി കാളിരാജ് മഹേഷ്, കൊച്ചി യൂണിറ്റ് എസ്.പി വിഷ്‌ണു എസ്. വാര്യർ, പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ്, സിറ്റി പൊലീസ് കമ്മിഷണർ ശ്യാംസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.
കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കേസുകളാണ് കൊച്ചി യൂണിറ്റ് അന്വേഷിക്കുന്നത്. തീവ്രവാദം, രാജ്യദ്രോഹം, കള്ളനോട്ട്, തീവ്രവാദപ്രവർത്തനങ്ങൾക്കായി കള്ളക്കടത്ത്, ആയുധ മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളും അന്വേഷിക്കുന്നുണ്ട്. ഓഫീസർമാരുൾപ്പെടെ 70 ഉദ്യോഗസ്ഥരാണ് കൊച്ചി യൂണിറ്റിലുള്ളത്.
മൂന്നേക്കർ സ്ഥലം;
41.85 കോടി ചെലവ്
മൂന്നേക്കർ സ്ഥലത്താണ് ഓഫീസ് സമുച്ചയം. പ്രധാന കെട്ടിടത്തിന് 3,276 ചരതുരമീറ്റർ വിസ്തൃതിയുണ്ട്. ചോദ്യം ചെയ്യലിന് അത്യാധുനിക സംവിധാനങ്ങളുള്ള മുറികൾ, അന്വേഷണത്തിനും നിരീക്ഷണത്തിനും സൗകര്യങ്ങൾ, ഫോറൻസിക് ലബോറട്ടറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ 49 കുടുംബങ്ങൾക്ക് താമസിക്കാൻ പാർപ്പിടസമുച്ചയവും ഒരുക്കിയിട്ടുണ്ട്. 41.85 കോടി രൂപയാണ് ചെലവ്.