കൊച്ചി: വർദ്ധിച്ചു വരുന്ന സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾ ജാഗ്രത പുലർത്തണമെന്ന് കേരള വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടത്തിയ ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗങ്ങൾ. വായ്പ, തൊഴിൽ എന്നിവ ലഭ്യമാക്കാമെന്നും വസ്തുവകകൾ വിറ്റുനൽകാമെന്നുമുള്ള വ്യാജേന സ്ത്രീകളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചു വരുന്നതായി കമ്മീഷൻ വിലയിരുത്തി.

ആകെ 115 പരാതികൾ പരിഗണിച്ച ജില്ലാതല അദാലത്തിൽ 27 പരാതികൾ തീർപ്പാക്കി. അഞ്ച് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ശേഷിക്കുന്ന 83 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, കൗൺസിലർ ടി.എം. പ്രമോദ്, പി.വി. അന്ന, പാനൽ അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, കെ.ബി. രാജേഷ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.