 
പറവൂർ: ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതോടെ തെരുവിലായ പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ലീല (56) താമസിച്ചിരുന്ന താത്കാലിക ഷെഡ് പൊളിച്ച സംഭവത്തിൽ സഹോദരപുത്രൻ രമേഷിനെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ലീല വീട്ടിലെത്തിയപ്പോഴാണ് ഷെഡ് പൊളിച്ച നിലയിൽ കണ്ടത്. പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്‌റ്റ്. കഴിഞ്ഞ ഒക്ടോബറിൽ ലീല താമസിച്ചിരുന്ന വീട് പൊളിച്ചു കളഞ്ഞ സംഭവത്തിലും രമേഷിനെതിരെ കേസെടുത്തിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും വിഷയത്തിൽ ഇടപെട്ടിരുന്നു. രമേഷ് ഈ സ്‌ഥലത്ത് പ്രവേശിക്കുന്നത് വിലക്കി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിടുകയും ചെയ്‌തു. ഷെഡും പൊളിച്ചതോടെ രമേഷ് കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് അറസ്‌റ്റ്. കോടതി രമേഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.